20130816

ഞാന്‍ എന്തിന് ഹിന്ദുവായി തുടരുന്നു ?



നാല് വര്‍ഷം മുമ്പ് ന്യൂയോര്‍ക്കില്‍ നിന്നും സാന്‍ഫ്രാന്‍സിസ്കോയിലേക്കുള്ള വിമാനയാത്രയില്‍ എന്റെ സീറ്റിന് അടുത്ത്‌ വിന്‍ഡോ സീറ്റില്‍ ഇരിക്കുന്ന ഒരു അമേരിക്കന്‍ പെണ്‍കുട്ടിയെ പരിചയപ്പെടാന്‍ കഴിഞ്ഞു. സാധാരണ അമേരിക്കന്‍ പെണ്‍കുട്ടികളില്‍ നിന്ന് വ്യത്യാസമായി ബൈബിള്‍ വായനയുമായി ആരെയും ശ്രദ്ധിക്കാതെ ഇരിക്കുന്ന ആ പെണ്‍കുട്ടിയില്‍ എന്റെ കണ്ണുടക്കി. കാരണം ആ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് അങ്ങനെ ബൈബിള്‍ വായന കുറവാണ്. യാത്രയുടെ വിരസതമാറ്റാന്‍ ആ പെണ്‍കുട്ടിയോട് പരിചയപ്പെടാന്‍ തീരുമാനിച്ചു. ഞാന്‍ ഭാരതത്തില്‍ നിന്നാണെന്നു കേട്ടപ്പോള്‍ കൗതുകത്തോടെ എന്നെ നോക്കി.
“ഏതു മതത്തില്‍ പെട്ടവനാണ് താങ്കള്‍ “
പെണ്‍കുട്ടിയുടെ ചോദ്യം വീണ്ടും എന്നില്‍ കൗതുകം ജനിപ്പിച്ചു.
“ക്രിസ്ത്യനോ അതോ മുസ്ലിമോ..”
പെണ്‍കുട്ടി വീണ്ടും ചോദിച്ചു.
“രണ്ടുമല്ല. ഞാന്‍ ഹിന്ദുവാണ്.”
എന്റെ മറുപടി കേട്ട പെണ്‍കുട്ടി ഒരു കൂട്ടിലിട്ട മൃഗത്തെയെന്നവണ്ണം എന്നെ നോക്കി. സാധാരണ അമേരിക്കന്‍ പെണ്‍കുട്ടിയ്ക്ക് ഏറ്റവും പരിചിതം ക്രിസ്ത്യനും മുസ്ലിമും ആയിരിക്കും. സ്വാഭാവികം.
“എന്റെ അച്ഛന്‍ ഹിന്ദു. അമ്മ ഹിന്ദു. അങ്ങനെ ഞാന്‍ ഹിന്ദുവായി ജനിച്ചു..”
“ആരാണ് നിങ്ങളുടെ പ്രവാചകന്‍..?”
പെണ്‍കുട്ടി വീണ്ടും തിരക്കി.
“ഹിന്ദുവിന് പ്രവാചകന്മാര്‍ ഇല്ല.”
“നിങ്ങളുടെ പുണ്യ ഗ്രന്ഥം ഏതാണ്..?”
“ഞങ്ങള്‍ക്ക് ഒരു പുണ്യ ഗ്രന്ഥം അല്ല. നൂറു കണക്കിന് തത്വ ശാസ്ത്രങ്ങളും ആയിരക്കണക്കിന് പുണ്യ കൃതികളും ചരിത്രങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും ഉണ്ട്..”
“ഓ. അപ്പോള്‍ ആരാണ് നിങ്ങളുടെ ദൈവം..?”
“മനസ്സിലായില്ല..” ഞാന്‍ തിരക്കി.
“അതായത് ക്രിസ്ത്യാനികള്‍ക്ക് യേശു, മുസ്ലിങ്ങള്‍ക്ക്‌ അല്ലാഹൂ.. അങ്ങനെ നിങ്ങള്‍ക്കോ.?”
ഞാന്‍ ഒരു നിമിഷം ചിന്തിച്ചു. കാരണം ഈ കുട്ടി മനസ്സിലാക്കിയ മതങ്ങളില്‍ ഒരു ദൈവവും ഒരു പ്രവാചകനും മാത്രമാണുള്ളത്. അതും പുരുഷ ദൈവം. അതുകൊണ്ട് തന്നെ ഈ കുട്ടിയെ ഹിന്ദു മതത്തെ പറ്റി മനസ്സിലാക്കിക്കാന്‍ വേറെ രീതി സ്വീകരിച്ചേ മതിയാവൂ..
“ഹിന്ദുവിന് ഒരു ദൈവമാവം. ഹിന്ദുവിന് പല ദൈവങ്ങളുമാവാം, ഇനി അതല്ല യുക്തിവാദിയോ നിരീശ്വരവാദിയോ ആവട്ടെ.. എന്നാലും അയാള്‍ ഹിന്ദു തന്നെ. ഹിന്ദു എന്നത് വിശാലമായ കാഴ്ചപ്പാടാണ്.”
പെണ്‍കുട്ടി ആകെ ചിന്താകുലയായി. കാരണം സംഘടിതമായല്ലാത്ത ഒരു മത ചട്ടക്കൂട്. എന്നിട്ടും ആയിരക്കണക്കിന് വര്‍ഷം നിലനിന്നു. നില നില്‍ക്കുന്നു. നിരവധി തവണ പല വിദേശ ആക്രമണവും നേരിട്ടു. ബലമായതും പ്രലോഭനം നിറഞ്ഞതുമായ നിരവധി മത പരിവര്‍ത്തനത്തെ സഹിഷ്ണുതയോടെ നേരിട്ടു.
“നിങ്ങള്‍ മത വിശ്വാസിയാണോ.?”
“ഞാന്‍ സ്ഥിരമായി അമ്പലത്തില്‍ പോകാറില്ല. പക്ഷെ ചില ആചാരങ്ങള്‍ ചില ചടങ്ങുകള്‍ നടത്താറുണ്ട്‌. അതും സ്ഥിരമായി അല്ല.”
“അപ്പോള്‍ സ്ഥിരമായി അമ്പലത്തില്‍ പോകതെയിരുന്നാല്‍ ദൈവത്തെ പേടിയില്ലേ..?”
“ഞാന്‍ ദൈവത്തെ എന്റെ സുഹൃത്തായി കാണുന്നു. ഞാന്‍ ദൈവത്തെ ഭയക്കുന്നില്ല. അതുപോലെ നിര്‍ബന്ധിത ചടങ്ങുകളിലോ പ്രാത്ഥനകളിലോ ഞാന്‍ പങ്കെടുക്കില്ല..”
“നിങ്ങള്‍ എപ്പോഴെങ്കിലും മതം മാറണം എന്ന് ചിന്തിച്ചിട്ടുണ്ടോ..?”
“എന്തിന്. എന്റെ മതത്തില്‍ ഞാന്‍ എന്ത് വിശ്വസിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ആരും എന്നെ ബലമായി വിശ്വസിപ്പിക്കുന്നില്ല. ആരും ബലമായി പ്രാ൪ത്ഥിപ്പിക്കുന്നില്ല. ആരും എന്നെ പ്രാ൪ത്ഥനകളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുകയും ഇല്ല. ഇതൊരു സംഘടിത മതമോ ഒരാള്‍ സ്ഥാപിച്ച മതമോ പള്ളികള്‍ വഴി നിയന്ത്രണം നടത്തുന്നതോ ആയ മതമോ അല്ല. ഒരു മതം എന്നും പറയാനാവില്ല. ഒരു കൂട്ടം ആചാരങ്ങള്‍, ഒരു കൂട്ടം വിശ്വാസങ്ങള്‍, സംസ്കാരം, രീതികള്‍ ഇവയൊക്കെയാണ്.”
“അപ്പോള്‍ നിങ്ങള്‍ ദൈവ വിശ്വാസിയല്ലേ.?”"
ഞാന്‍ അങ്ങനെ പറഞ്ഞില്ല. ഞാന്‍ ദൈവികതയെ നിരാകരിച്ചില്ല. മത ഗ്രന്ഥങ്ങള്‍ വായിക്കും. ദൈവമുണ്ടെന്നോ ഇല്ലെന്നോ ആവട്ടെ. പക്ഷെ പ്രപഞ്ച സ്രഷ്ടാവായ പരബ്രഹ്മത്തെ വിശ്വസിക്കുന്നു. അതിന്റെ ചൈതന്യത്തില്‍ വിശ്വസിക്കുന്നു.”
“പിന്നെന്തേ ഒരു ദൈവത്തെ വിശ്വസിക്കാത്തത്.”
“ഹിന്ദുക്കള്‍ ഒരു സംഗ്രഹിത ശക്തിയെയാണ് വിശ്വസിക്കുന്നത്. മറഞ്ഞിരുന്നു മകനിലൂടെയോ (?) പുരോഹിതരിലൂടെയോ അതുമല്ലെങ്കില്‍ പ്രവാചകന്മാരിലൂടെയോ തന്റെ ദൂത് കൊടുത്ത് തന്നെ പേടിക്കാനും ബഹുമാനിക്കാനും ആരാധിക്കാനും പറയുന്ന ഒരു ദൈവത്തെയല്ല ഞങ്ങള്‍ പൂജിക്കുന്നത്. കുറെ അല്ലെങ്കില്‍ കുറവ് വിദ്യാഭാസം ഉള്ള ഹിന്ദുക്കള്‍ അങ്ങനെ ചെയ്യുന്നുണ്ടാവാം. അല്ലെങ്കില്‍ ഹിന്ദുമതത്തില്‍ അറിവില്ലാത്തവര്‍ അങ്ങനെ ചെയ്യുന്നുണ്ടാകാം. പക്ഷെ അറിവുള്ളവര്‍ അന്ധവിശ്വാസത്തെയും ഇത്തരം മറഞ്ഞിരിക്കുന്ന ദൈവത്തെയോ തള്ളികളയുകയാണ് പതിവ്.”
“അപ്പോള്‍ ദൈവമുണ്ടെന്നു താങ്കള്‍ പറയുന്നു. പ്രാര്‍ത്ഥനയും ഉണ്ടല്ലോ. ആട്ടെ എന്താ പ്രാര്‍ത്ഥന.”
“ലോക സമസ്ത സുഖിനോ ഭവന്തു. ഓം ശാന്തി ശാന്തി..”
“ഹ ഹ ഹ ..രസകരം .എന്താണ് ഇതിന്റെ അര്‍ഥം “
“എല്ലാവരും സമാധാനത്തോടും സുഖത്തോടും ഇരിക്കട്ടെ. സമാധാനം.”
“കൊള്ളാമല്ലോ. അപ്പോള്‍ എങ്ങനെ ഈ മതത്തില്‍ ചേരാം. എല്ലാവര്‍ക്കും നല്ല സ്വാതന്ത്ര്യം ഉണ്ടല്ലോ.”
“സത്യത്തില്‍ ഹിന്ദു മതം ഓരോ വ്യക്തിക്കും ഉള്ളതാണ്. അവരുടെ ശാന്തിയ്ക്ക്‌ വേണ്ടി. വേദങ്ങളിലും ഉപനിഷത്തുകളിലും വേരുകള്‍ ഉള്ള മതം. പക്ഷെ ഒരാള്‍ എങ്ങനെ ആ മതത്തെ സമീപിക്കുന്ന എന്നത് പോലെയിരിക്കും.”
“പക്ഷെ എങ്ങനെ ഈ മതത്തില്‍ ചേരാം.”
“ആര്‍ക്കും ഹിന്ദുമതത്തില്‍ ചേരാനാവില്ല. കാരണം ഇതൊരു മതവും അല്ല. കാരണം ഇതൊരു ആചാരമോ രീതിയോ ആണ്. ഒരു വ്യക്തിയോ ചട്ടക്കൂടോ അല്ല നിയന്ത്രിക്കുന്നത്. അതേപോലെ ചേര്‍ക്കാനും പുറത്താക്കാനും ആര്‍ക്കും കഴിയില്ല. കാരണം ഇത് ഒരു ചട്ടക്കൂടിനതീതം ആണ്.”
പെണ്‍കുട്ടി ആകെ എന്ത് പറയണം എന്നറിയാതെ ഇരുന്നു.
“നിങ്ങള്‍ ജീവിതത്തിന്റെ അര്‍ത്ഥം തേടുന്നെങ്കില്‍ വേറെ വേറെ മതങ്ങളില്‍ പോവേണ്ട കാര്യം ഇല്ല. കാരണം ഒരു മതത്തെ നിന്ദിച്ചു മറ്റൊരു മതം മാറുകയല്ല അതിന്റ രീതി.”
ഞാന്‍ ആ കുട്ടിയോട് പറഞ്ഞു .
“ദൈവരാജ്യം നിങ്ങളില്‍ തന്നെ. എന്ന് പറഞ്ഞിട്ടില്ലേ. അതിന്റെ അര്‍ത്ഥം തന്നെ പരസ്പരം സ്നേഹിക്കാനും സ്നേഹത്തിലൂടെ ദൈവരാജ്യം ഇവിടെ കണ്ടെത്താനുമാണ്. കാരണം ” ഇസവസ്യം ഇടം സര്‍വം ” എന്നാണ്. എല്ലാം ദൈവത്തിന്റെ സൃഷ്ടി തന്നെ. അപ്പോള്‍ എല്ലാത്തിലും അവനെ കാണാന്‍ കഴിയും. അവനെ പരസ്പരം സ്നേഹിച്ചു കണ്ടെത്തുക. ഹിന്ദു മതം സനാതന ധര്‍മ്മം ആണ്. നിത്യതയില്‍ വിശ്വാസം. ധര്‍മ്മം പരിപാലിക്കുന്നവര്‍. അതാണ്‌ ജീവന്റെ ആധാരം. പരസ്പരം സത്യസന്ധത കാണിക്കുക. ഒന്നിനും കുത്തക ഇതിലില്ല. ഒരേ ഒരു ദൈവം മാത്രം. പക്ഷെ പലരൂപങ്ങളില്‍ അതിനെ കാണുന്നുവെന്ന് മാത്രം. അതിനു രൂപമോ ആയുസ്സില്‍ ബന്ധിതമോ അല്ല.
പുരാതന കാല ഹിന്ദുക്കള്‍ സത്യമാര്‍ഗമായും നിത്യത കണ്ടെത്താനും ജ്ഞാന ലബ്ധിയ്ക്കും ഉപയോഗിച്ചപ്പോള്‍ ആധുനിക കാലത്ത് ഇതുവെറും മല്‍സരവും മറ്റു മതങ്ങളോട് ചേര്‍ത്ത് നിര്‍ത്താനും തുടങ്ങിയപ്പോള്‍ നിരവധി അന്ധവിശ്വാസങ്ങളും അനാവശ്യ വിശ്വാസങ്ങളും കൂടി. അത്രതന്നെ. ഒപ്പം കുടിലതകളും. ഇന്ന് മതങ്ങള്‍ ഒരു മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് പോലെ ആണ്. കൂടുതല്‍ ആളുകള്‍ തങ്ങളുടെ മതത്തില്‍ ചേര്‍ക്കാനും മാര്‍ക്കറ്റ് ഷെയര്‍ കാണിക്കാനും ഉള്ള കുടിലതകള്‍. കുറെയൊക്കെ ഹിന്ദുമതവും അങ്ങനെ ആയി എന്ന് വേണം പറയാന്‍. പക്ഷെ പണവും പ്രലോഭനങ്ങളും നല്‍കി ആളുകളെ കൂട്ടുന്ന മതങ്ങള്‍ ദൈവത്തെ കച്ചവടം ചെയ്യുകയാണ് ചെയ്യുന്നത്. പിന്നെ ഞാന്‍ ഹിന്ദുവാണ്. എന്റെ ധര്‍മ്മം അഹിംസ പരമോ ധര്‍മ എന്നാണ്. അഹിംസയാണ് പരമായ ധര്‍മം. പിന്നെ വേറെ ഒരു മതത്തിനും എനിക്ക് ശാന്തി നല്‍കാനും കഴിയില്ല.”
പെണ്‍കുട്ടി ഒന്നും മിണ്ടിയില്ല..