നാം ക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും മറ്റ് പുണ്യ കേന്ദ്രങ്ങളിലും നിലവിളക്ക് കത്തിച്ചുവയ്ക്കാറുണ്ട്. നിലവിളക്ക് ഭാരതീയ ജീവിതത്തോട് വളരെയധികം ബന്ധപ്പെട്ട ഒന്നാണ്. സ്വയം പ്രകാശിക്കുകയും മറ്റുള്ളവയെ പ്രകാശിപ്പിക്കുകയും ചെയ്യുന്നതാണ് വിളക്ക്. അജ്ഞാനമാകുന്ന അന്ധകാരത്തെ ജ്ഞാനദീപം അകറ്റുന്നതുപോലെ വിളക്ക് ബാഹ്യമായ അന്ധകാരത്തെ അകറ്റുന്നു. പ്രപഞ്ച രൂപീകരണത്തിന്നാധാരമായ പഞ്ചഭൂതങ്ങളില്‍ മദ്ധ്യസ്ഥാനത്തുനില്‍ക്കുന്ന അഗ്നിയാണ് വിളക്കില്‍ ജ്വലിച്ചുകൊണ്ടിരിക്കുന്നത്. തേജസിന്റെ പ്രതീകമായ അഗ്നിക്ക് വിളക്കില്‍ ജ്വലിച്ചുകൊണ്ടിരിക്കുന്നത്. തേജസിന്റെ പ്രതീകമായ അഗ്നിക്ക് എല്ലാറ്റിനെയും ദഹിപ്പിക്കുന്നതിനും ശുദ്ധീകരിക്കുന്നതിനുമുള്ള ശക്തിയുണ്ട്. ജീവികളില്‍ ജ്വലിച്ചുകൊണ്ടിരിക്കുന്ന ജഠരാഗ്നിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. എന്നും നിലനില്‍ക്കുന്ന വിളക്ക്, നിലത്തുവയ്ക്കുന്ന വിളക്ക്, നിലയങ്ങളിലെ വിളക്ക്, നിലയുള്ള വിളക്ക് എന്നിങ്ങനെ നിലവിളക്കിന് പല അര്‍ത്ഥങ്ങളുമുണ്ട്. നിലവിളക്കിന് ഭൗതികമായും ആദ്ധ്യാത്മികമായും പ്രാധാന്യമുണ്ട്. സാധാരണ പ്രഭാതസന്ധ്യയിലും സായം സന്ധ്യയിലും വിശേഷ അവസരങ്ങളിലുണ്ട് നാം നിലവിളക്ക് കൊളുത്തുന്നത്. ആദ്ധ്യാത്മിക ദൃഷ്ടിയില്‍ നോക്കുമ്പോള്‍ ഐശ്വര്യദേവതയായ മഹാലക്ഷ്മിയും വിജ്ഞാന ദേവതയായ സരസ്വതിദേവിയുമാണ് നിലവിളക്കിനെ പ്രതിനിധീകരിക്കുന്നത്. സരസ്വതിദേവിയുടെ പ്രതീകമായ പ്രഭാതസന്ധ്യാദീപം പരലോക സുഖത്തെയും മഹാലക്ഷ്മിയുടെ പ്രതീകമായ സായംസന്ധ്യാ ദീപം ഇഹലോക സുഖത്തെയും പ്രധാനം ചെയ്യുന്നു. ശാസ്ത്രീയമായി നോക്കിയാലും പ്രഭാത സായംസന്ധ്യാ ദീപങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. പകല്‍ സമയത്ത് സൂര്യന്റെ ചൂടിനാല്‍ മാലിന്യങ്ങളും അണുക്കളുമെല്ലാം ചൂടായി മേലോട്ടു പോകുന്നു. എന്നാല്‍ സന്ധ്യാസമയമാകുമ്പോഴും സൂര്യന്റെ ചൂട് കുറയുന്നതിനാല്‍ അണുക്കള്‍ വീണ്ടും അന്തരീക്ഷത്തില്‍ എത്തുന്നു. ഈ സമയത്ത് ജോലിചെയ്ത് ക്ഷീണിച്ച് അവശരായ മനുഷ്യരിലും മറ്റും അണുക്കള്‍ പ്രവേശിക്കാന്‍ എളുപ്പമുണ്ട്. സന്ധ്യാസമയത്ത് കൊളുത്തുന്ന ദീപത്തിന് അണുക്കളെ തടയാന്‍ കഴിയും. എള്ളെണ്ണയിലോ നെയ്യിലോ എരിയുന്ന ദീപത്തിന് അണുക്കളെ നശിപ്പിക്കാന്‍ പ്രത്യേക ശക്തിയുണ്ട്. ജോലിയെല്ലാം ചെയ്ത് അവശരായവര്‍ സന്ധ്യാസമയത്ത് കുളിച്ചുവിളക്കിന് മുന്നിലിരുന്ന് ജപിക്കുമ്പോള്‍ മാനസികമായും ശാരീരികമായും ഉണര്‍വ് ലഭിക്കും. പ്രഭാതത്തില്‍ കൊളുത്തുന്ന ദീപം പുതിയ ഉണര്‍വ്വിനേയും ശ്രേയസ്സിനേയും പ്രദാനം ചെയ്യുന്നു. പുലരുന്നതിന് മുന്നുമണിക്കൂര്‍ മുമ്പു തുടങ്ങുന്ന ബ്രാഹ്മമുഹൂര്‍ത്തം ആദ്ധ്യാത്മികമായും ഭൗതികമായും ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ഈ സമയം അന്തരീക്ഷമാകെ പരിശുദ്ധമായിരിക്കും. പ്രഭാതത്തില്‍ ദീപം കൊളുത്തി പ്രാര്‍ത്ഥനയും ജപവും നടത്തുന്നവര്‍ക്ക് പ്രത്യേകം ഉണര്‍വ്വും ഉത്സാഹവും ലഭിക്കുന്നു. നിലവിളക്കിലെ തിരികള്‍ക്കും വളരെയേറെ പ്രാധാന്യമുണ്ട്. സാധാരണയായി 2,3,5,7,9 എന്നീ ക്രമത്തിലാണ് തിരികള്‍ വയ്ക്കുന്നത്. താന്ത്രീകവിധിപ്രകാരം 1,3,5,7,9 എന്നീ ക്രമത്തിലാണ് തിരികള്‍ വയ്ക്കുന്നത്. രണ്ടുതിരികള്‍ ജീവാത്മപരമാത്മാ, ശ്രീപാര്‍വ്വതീ ശ്രീ പരമേശ്വരന്മാരേയും മൂന്നു തിരി ത്രിമൂര്‍ത്തികള്‍, ത്രിഗുണങ്ങള്‍ എന്നിവയേയും പ്രതിനിധീകരിക്കുന്നു. 5 തിരികള്‍ പഞ്ചഭൂതങ്ങളെയും 7 തിരികള്‍ സപ്തധാതുക്കളേയും പ്രതിനിധാനം ചെയ്യുന്നു. ഈ തിരികളിലൂടെ ദീപം എരിയുന്ന അവസരത്തില്‍ ഈശ്വരചൈതന്യമാണ് അവയിലെല്ലാം തുടിക്കുന്നത്