20130813

മനുസ്മ്രിതി - ചിലനുണക്കഥകൾ

1. "ന സ്ത്രീ സ്വാതന്ത്ര്യമർഹതി" സ്ത്രീ വിരുദ്ധമോ ?

2. വേദം ചൊല്ലുന്ന ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണം "എന്ന് പറയുന്ന ഒരു ഭാഗം" മനുസ്മ്രിതിയിൽ ഇല്ലേയില്ല! 


****************************************

1. "ന സ്ത്രീ സ്വാതന്ത്ര്യമർഹതി" സ്ത്രീ വിരുദ്ധമോ ?


ന സ്ത്രീ സ്വാതന്ത്ര്യമർഹതിയുടെ വേറൊരു വായന

പുരുഷനെ കടമകളുടെ ചങ്ങലകളില്‍ ‍ കുടുക്കി വട്ടം തിരിക്കുന്ന,
പുരുഷ വിദ്വേഷപൂരിതമായ, സ്ത്രീ കേന്ദ്രീകൃതമായ മനുസ്മൃതി
പുരുഷന്മാര്‍ ബഹിഷ്കരിക്കുക!!

പിതാ രക്ഷതി കൌമാരേ
ഭര്‍ത്താ രക്ഷതി യൗവ്വനെ
പുത്രോ രക്ഷതി വാര്‍ദ്ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യ മര്‍ഹതി

സ്ത്രീ വിരുദ്ധമെന്ന് പറഞ്ഞു സ്ത്രീകളാലും സ്ത്രീ പക്ഷ വാദികളാലും
ഏറ്റവും അധികം ആക്ഷേപിക്കപ്പെട്ട മനുസ്മ്രിതിയിലെ വരികളാണിത്.
എന്നാല്‍ ഈ വരികള്‍ കൊണ്ട് മനു എന്താണ് ഉദ്ദേശിച്ചത്?

ഹേ പുരുഷാ (പുത്രന്‍) നീ നിന്റെ ചെറുപ്പത്തില്‍ അമ്മയെ സംരക്ഷിക്കണം

ഹേ പുരുഷാ (ഭര്‍ത്താവ്) നീ നിന്റെ യൌവ്വനത്തില്‍ ഭാര്യയെ സംരക്ഷിക്കണം

ഹേ പുരുഷാ (പിതാവ് ) നിന്റെ മകളുടെ വിവാഹം വരെ നീ നിന്റെ
മകളെ സംരക്ഷിക്കണം

സ്ത്രീക്ക് സ്വാതന്ത്ര്യമില്ലെന്ന് (സ്വാതന്ത്ര്യം എന്ന വാക്കിന്റെ അര്‍ത്ഥ തലങ്ങള്‍
എന്തൊക്കെയാണെന്ന് ഇപ്പോള്‍ തര്‍ക്കിച്ചു സമയം കളയുന്നില്ല) മാത്രം
പറഞ്ഞപ്പോള്‍‍, ജനിച്ചു വീഴുമ്പോള്‍ മുതല്‍ ‍ മരിക്കുന്നത് വരെ പുരുഷനുള്ള
കടമകളുടെ ചങ്ങലക്കുരുക്കുകള്‍ ‍ ആണ് യഥാര്‍ത്തത്തില്‍ ‍ മനു ഈ വരികളില്‍
 ‍ കൂടി പറഞ്ഞു വച്ചത്. ചെറുപ്പം മുതല്‍ കടമകളുടെ ഭാരം പേറുന്ന പുരുഷന് ഒരു
സ്വാതന്ത്ര്യവും ഇല്ല.. അതായത് തികഞ്ഞ പുരുഷ വിരുദ്ധതയാണ്
മനുസ്മ്രിതിയുടെ മുഖ മുദ്ര എന്നര്‍ത്ഥം. ആ പുരുഷ വിരുദ്ധതയെ കാണാതെയാണ്, മനുസ്മ്രിതി സ്ത്രീ വിരുദ്ധതയെന്നു പറഞ്ഞു സത്യത്തെ മറച്ചു വക്കുന്നത്..

പുരുഷ വിരുദ്ധതക്കും, സത്യങ്ങളെ മറച്ചു വയ്ക്കുന്നതിനും ഇങ്ങനെ ഇനിയും
അനേകം ഉദാഹരണങ്ങള്‍ ‍ ഉണ്ട്... അതില്‍ ഏതാനും എണ്ണം പുരുഷ
വായനക്കാര്‍ക്കായി എഴുതാം.. പാവങ്ങള്‍, അവരാണല്ലോ അനുഭവിക്കുന്നതും
 അറിഞ്ഞിരിക്കേണ്ടതും ?

ആരോപണം: പുരുഷനെ സന്തോഷിപ്പിക്കുക എന്നുള്ളതാണ് സ്ത്രീയുടെ കടമ

ഉത്തരം : മനുസ്മ്രിതി യഥാര്‍ത്ഥത്തില്‍ പറയുന്നു..

അനൃതാവ്രുതുകാലേ ച മന്ത്ര സംസ്കാര കൃത്പതി:
സുഖസ്യ നിത്യം ദാതേഹ പരലോക ച യോഷിത:

മന്ത്ര പൂര്‍വ്വം വിവാഹം കഴിച്ച ഭര്‍ത്താവ്, ഋതു കാലത്തിലോ അല്ലാത്തപ്പോഴോ എന്നും ഈ ലോകത്തിലും പരലോകത്തിലും സ്ത്രീക്ക് സുഖദാതാവാണ്‌. (അതായത്, പുരുഷനെ സന്തോഷിപ്പിക്കാനല്ല സ്ത്രീ, മറിച്ച് സ്ത്രീക്ക് സുഖം (സന്തോഷം) നല്‍കുന്നത് പുരുഷന്റെ കര്‍ത്തവ്യം ആണെന്നാണ്‌ മനു പറഞ്ഞു വച്ചിരിക്കുന്നത്. ജീവിച്ചിരിക്കുമ്പോള്‍ ‍ മാത്രമല്ല, മറിച്ച് പരലോകത്ത് ചെന്നാലും ഭാര്യയെ മറക്കരുതെന്നും കൂടി പറഞ്ഞു മനു. (ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല മരിച്ചു കഴിഞ്ഞാലും പുരുഷന്‍ ബന്ധിതനാനെന്നര്‍ത്ഥം!)
....................
ആരോപണം: സ്ത്രീയെ അധമയായി കാണുന്നു.

ഉത്തരം : ബ്രാഹ്മണോ പാദതോമേധ്യം സ്ത്രിയോ മേധ്യാശ്ച്ച സര്‍വത :
ബ്രാഹ്മണന്റെ പാദം മാത്രം പവിത്രം ആകുമ്പോള്‍ ‍ സ്ത്രീയുടെ സര്‍വ അംഗങ്ങളും പവിത്രമാണ്! ("ബ്രാഹ്മണ പക്ഷ വാദിയായി ആരോപിക്കപ്പെടുന്ന മനു തന്നെ സ്ത്രീയെ ബ്രാഹ്മനനെക്കാള്‍ പവിത്രത കല്പിക്കുന്നു
എന്നര്‍ത്ഥം" )

ആരോപണം: സ്ത്രീക്ക് ഒരു സ്വാതന്ത്ര്യവുമില്ല. സ്വന്തം വിവാഹത്തില്‍ പോലും..

ഉത്തരം: ത്രീണി വര്‌ഷാന്യുദീക്ഷേത കുമാര്യുതുമതി സതീ
ഊര്‍ദ്ധ്വം തു കാലാദേതസ്മാദ്വിന്ദെത സദൃശം പതിം

ഋതുമതിയായ കന്യകയെ ഗുണവാനായ പുരുഷന് ദാനം ചെയ്തില്ലെങ്കില്‍, മൂന്നു വര്ഷം പ്രതീക്ഷിചിരിക്കണം അതിനു ശേഷം ജാതി, ഗുണം മുതലായവയില്‍ സദൃശനായ വരനെ സ്വയം വരിക്കാവുന്നതാണ്..

അവിടെയും നിര്‍ത്തിയില്ല മനു...

അദീയമാനാ ഭര്‍ത്താരമധിഗചെത് സ്വയം യദി
നിന: കിചിദ വാപ്നോതി ന ച യമ സാധിഗശ്ചതി

യോഗ്യനായ വരന് വിവാഹം കഴിച്ചു നല്‍കാത്ത പക്ഷം ഭര്‍ത്താവിനെ
സ്വയം വരിച്ചാല്‍ അവള്‍ക്കു പാപം ഉണ്ടാകുന്നില്ല അവള്‍ വരിച്ച
ഭര്‍ത്താവിനും പാപമില്ല. (ഇതില്‍ കൂടുതല്‍ എന്ത് വിവാഹ സ്വാതന്ത്ര്യം
 ആണ് സ്ത്രീക്ക് വേണ്ടത്? അതായത് വിവാഹ കാര്യത്തില്‍ സ്ത്രീക്ക് പരിപൂര്‍ണ
സ്വാതന്ത്ര്യം ഉണ്ടെന്നര്‍ത്ഥം).
....................

ആരോപണം: മനുസ്മ്രിതി പ്രകാരം മകനാണ് പ്രാധാന്യം, മകള്‍ക്കല്ല..

ഉത്തരം: യതൈവാത്മാ തഥാ പുത്രാ: പുത്രേണ ദുഹിതാ സമാ ...
"പുത്രന്‍ തനിക്കു തുല്യനായിരിക്കുന്നത് പോലെ പുത്രി പുത്രന് തുല്യയാണ്".
(ഇതില്‍ എവിടെയാണ് പുത്രീ/പുത്ര വിവേചനം?)

ഇങ്ങനെ ഒന്നൊന്നായി വായിച്ചു നോക്കിയാല്‍ സ്ത്രീ കേന്ദ്രീകൃതമായ നിയമങ്ങള്‍
ആണ് മനുസ്മ്രിതിയില്‍ ഉള്ളതെന്ന് കാണാന്‍ ഒരു ബുദ്ധിമുട്ടുമില്ല.. പക്ഷെ
മനുസ്മ്രിതി തന്നെ വായിക്കണം, മനുസ്മ്രിതിയില്‍ എഴുതിയത് അറിയണമെങ്കില്‍..
ആരെങ്കിലും എന്തെങ്കിലും നിക്ഷിപ്ത താല്പര്യത്തോടെ എഴുതിയത് വായിച്ചാല്‍
പോര എന്ന് മാത്രം..

നോട്ട് : വര്‍ണ്ണാശ്രമ ധര്മാനുസാരം നോക്കുക ആണെങ്കില്‍ ബ്രാഹ്മണാധിപത്യം
ആരൊപിക്കാമെങ്കിലും സ്ത്രീ-പുരുഷ കര്‍ത്തവ്യാവകാശങ്ങളെ കുറിച്ച്
പരിശോധിക്കുക ആണെങ്കില്‍ തീര്‍ച്ചയായും സ്ത്രീകേന്ദ്രീകൃതം തന്നെ,
 മനുസ്മ്രിതി. അതിനാല്‍ സ്ത്രീ വിരോധിയല്ല മനു, പക്ഷെ പുരുഷ
വിരോധിയാണെന്നു പറയേണ്ടി വരും.

************************************************

2. വേദം ചൊല്ലുന്ന ശൂദ്രന്റെ ചെവിയിൽ ഈയം
ഉരുക്കി ഒഴിക്കണം "എന്ന് പറയുന്ന ഒരു ഭാഗം"
മനുസ്മ്രിതിയിൽ ഇല്ലേയില്ല!  

****************************************

മനു തന്നല്ലേ "വേദം കേട്ടാല്‍ ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണമെന്നു"
 പറഞ്ഞത് ?"

ഇങ്ങനെ പലരും ആക്ഷേപം ഉന്നയിക്കുന്നത് കണ്ടപ്പോൾ (ഇപ്പോഴത്തെ മാത്രം
ആക്ഷേപമല്ല കേട്ടോയിത് , പക്ഷെ പണ്ടേയുള്ള ആരോപണം ആണ്) തോന്നി,
 ഈ ഭാഗം മനുസ്മൃതിയിൽ എവിടെയാണുള്ളത് എന്നൊന്ന് നേരിട്ട് വായിക്കണമെന്ന്.
അങ്ങനെ മനുസ്മൃതി അരിച്ചു പെറുക്കി വായിച്ചു കഴിഞ്ഞപ്പോൾ "വലിയ ഒരു
ഞെട്ടിക്കുന്ന സത്യം" മനസിലായി !!
വേദം ചൊല്ലുന്ന ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണം "എന്ന് പറയുന്ന
ഒരു ഭാഗം" മനുസ്മ്രിതിയിൽ ഇല്ലേയില്ല!

അതായത് ഇല്ലാത്ത ഒരു കാര്യത്തിനാണ് ഹിന്ദുക്കൾ ആക്ഷേപം ഏറ്റു
 വാങ്ങിയിരുന്നത് ഇത് വരെ. ഹിന്ദു മതത്തെയും ഗ്രന്ഥങ്ങളെയും ആക്ഷേപിക്കുന്ന
ആളുകളുടെ കാര്യം പോകട്ടെ, അവർ അങ്ങനെ പറയുന്നതിനും ആക്ഷേപിക്കുന്നതിനും
 പിന്നിൽ പല ഉദ്ദേശങ്ങളും ഉണ്ട്, എന്നാൽ എന്തിനെന്നറിയില്ല കഷ്ടം,
വിശ്വാസികൾ ആയ ഹിന്ദുക്കളും അറിഞ്ഞും അറിയാതെയും ഇത് വിശ്വസിക്കുകയും ചെയ്യുന്നു.

ഇങ്ങനെ എന്തെല്ലാം ഹിന്ദുവിനെ തെറ്റിദ്ധരിപ്പിക്കാനായി പലരും പ്രചരിപ്പിക്കുന്നു!
പക്ഷെ അതെല്ലാം തിരിച്ചറിയണമെങ്കിൽ ഈ ഗ്രന്ഥങ്ങൾ എല്ലാം സ്വയം തന്നെ
 വായിക്കേണം. വേറെ ഒരു നിവർത്തിയുമില്ല താനും.

നോട്ട് : ഇനി എങ്ങാനും എന്റെ കണ്ണിൽ പെടണ്ട എന്ന് വിചാരിച്ചു ആ ശ്ലോകം
മാറി നിൽക്കുകയാണെങ്കിൽ, കണ്ടു കിട്ടുന്നവർ അതിനെ എന്റെ മുന്നിലേക്ക്
പിടിച്ചോണ്ട് വന്നാൽ തീര്ച്ചയായും ഈ പോസ്റ്റ്‌ ഞാൻ മായ്ക്കുന്നതാണ്
എന്നുള്ളത് ഇതിനാൽ അറിയിക്കുകയും ചെയ്യുന്നു. തക്കതായ പ്രതിഫലം നല്കുന്നതാണ്

കട്ടിലപൂവം വിനോദ്