20130815

ഗോമാതാവ് - സര്‍വ്വലോക ജനനി

പശുവിനെ ഗോമാതാവ് ആക്കാന്‍ ഭാരതീയത നമ്മെ പ്രേരിപ്പിച്ചത് എന്തുകൊണ്ട്?
*************************************************

പശുവിനെ ഗോമാതാവായി വിശേഷിപ്പിച്ചാല്‍ നിത്യവും പശുവിറച്ചി തിന്നുന്നവര്‍ക്ക് അത്രക്കിഷ്ടമാകില്ല. സാത്വിക ലക്ഷണ പ്രതീകമായ പശുവിനെ കൊന്നു തിന്നുന്നവരില്‍ അതീവ താല്പര്യം കാണിക്കുന്നവരില്‍ നിന്നും എങ്ങിനെയാണ് നന്മ പ്രതീക്ഷിക്കാനാവുക.

എങ്കിലും ഗോമാതാവ് എന്നാ സങ്കല്‍പം ആദികാലം മുതല്‍ ഭാരതീയര്‍ക്കുണ്ടായിരുന്നു. പരിശുദ്ധിയുടെ പര്യായമായി ഗണിച്ചു പോരുന്ന പശുവിനെ മാതാവായി സങ്കല്‍പ്പിക്കാന്‍ ഒട്ടനവധി കാരണങ്ങളുണ്ട്. പശുവിന്റെ പാല്‍, ചാണകം, മൂത്രം ഇവയെല്ലാം പരിശുദ്ധിയുള്ളതായാണ് സങ്കല്‍പം. കൂടാതെ പശുവിനെ കണി കാണുന്നത് പോലും നന്മയായിട്ടാണ് മുന്‍ തലമുറക്കാര്‍ കണ്ടിരുന്നത്‌.

ഊര്‍ജ്ജസ്രോതസ്സായും അതിന്റെ പ്രതീകമായുമാണ് പശുവിനെ കരുതിപ്പോരുന്നത്. അതുകൊണ്ടാണ് തികച്ചും മാതാവിന്റെ സ്ഥാനം നല്‍കി, ഗോമാതാവ് എന്ന് പശുവിനെ വിളിക്കാന്‍ ഭാരതീയത നമ്മെ പ്രേരിപ്പിച്ചതും. ആദികാലം മുതല്‍ തന്നെ പശുവിനെ പവിത്ര മൃഗമായി കരുതിപ്പോരുന്നുണ്ട്. പശുവിന്റെ ഉത്ഭവത്തെപ്പറ്റിയുള്ള കഥകള്‍ കൊച്ചുകുട്ടികള്‍ക്ക് പോലും ഹൃദിസ്ഥമാണ്. പാലാഴി കടഞ്ഞപ്പോള്‍ ആഴത്തില്‍ നിന്നും ഉയര്‍ന്നുവന്ന കാമധേനുവിന്റെയും ശ്രീകൃഷ്ണന്‍ തന്റെ മേനിയില്‍ നിന്നും സൃഷ്ടിച്ച കാമാധേനുവിന്റെയുമൊക്കെ വേറിട്ട കഥകളും പലര്‍ക്കും അറിയാം. സമസ്ത ദേവന്മാരും ഗോമാതാവിന്റെ ശരീരത്തില്‍ വസിക്കുന്നതായാണ് സങ്കല്പംആയ്യുര്‍വേദത്തിലെ പല ഔഷധക്കൂട്ടുകള്‍ക്കും പാലോ പാലുല്‍പ്പന്നങ്ങളോ ചേരുവകളുമാണ്.

ഗോപാലകൃഷ്ണന്‍ എന്ന ഒരു സങ്കല്‍പം പോലും ഭാരതീയതയില്‍ ഉണ്ട്. ഗോക്കളെ പാലിക്കുന്ന കൃഷ്ണനെ ഭക്തര്‍ക്ക്‌ ഭയങ്കര ഇഷ്ടമാണ്. സനാതന ഭാരതീയ സംസ്കാരത്തില്‍ ഒട്ടും പുറകിലല്ല ഗോമാതാവ് എന്ന സങ്കല്‍പം.

അമൃത് പ്രദാനം ചെയ്യുന്ന അമ്മയെ പോലെ കരുണ ചൊരിയുന്ന ഗോവിനെ മാതാവെന്നു വിളിക്കുന്നതിലും പരിപാലിക്കുന്നതിലും ഭാരതീയര്‍ കാണിക്കുന്ന വിശുദ്ധി അന്ഗീകരിക്ക പെടെണ്ടതാണ് എന്നാണ് പാശ്ചാത്യരായ ചിലരെങ്കിലും സമ്മതിച്ചിട്ടുള്ളത്. മറ്റൊരു ജീവിയെ വൈശിഷ്ട്യതോടെയും വിശുദ്ധിയോടെയും കാണാന്‍ കഴിയുന്ന സംസ്കാരം അന്ഗീകരിക്ക പെടെണ്ടതാണ് എന്നാണ് അവരുടെ വാദം.

പശുവില്‍ നിന്നും നമുക്ക് ഒന്നാമതായി ലഭിക്കുന്നത് പാല്‍ തന്നെയാണ്. ഔഷധങ്ങളുടെ ചേരുവയായി എക്കാലത്തും ഉപയോഗിച്ചു വരുന്ന പാലില്‍ നിന്നും തൈര്, വെണ്ണ, നെയ്യ് തുടങ്ങിയവയും ലഭ്യമാകുന്നുണ്ട്. മലത്തെ സ്വാഭാവികമായും അശുദ്ധമായി കണക്കാക്കുമ്പോള്‍ പശുവിന്‍ ചാണകത്തെ വിശുദ്ധിയുടെ പര്യായമായിട്ടാണ് കണക്കാക്കി വരുന്നത്. ഗന്ധമുണ്ടാകുന്നില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്. മാത്രമല്ല സസ്യലതാദികള്‍ക്ക് ഇത് ആഹാരവുമാകുന്നു. ഔഷധങ്ങളില്‍ ചേര്‍ക്കുന്ന ഏറ്റവും വലിയ മരുന്നാണ് ഗോമൂത്രം ഉപയോഗിക്കാറുണ്ട്. പുണ്യാഹത്തിനും അണുനശീകരണതിനുമൊക്കെ ഉപയോഗിക്കാറുണ്ട്. മാത്രമല്ല ദിവ്യ ഔഷധമായി കണക്കാക്കി വരുന്ന ഗോരോചനം പശുവിന്റെ നാസികയില്‍ നിന്നും പുറത്തു വരുന്നതാണെന്ന് അധികമാരും മനസിലാക്കിയിട്ടില്ല.

ഇത്തരത്തില്‍ മനുഷ്യന് സകലവിധത്തിലും ഗുണം ചെയ്തു കൊണ്ടിരിക്കുന്ന ഒരു സാധു ജീവിയെ മാതാവ് എന്ന് വിളിക്കുന്നതില്‍ ഒരു തെറ്റുമില്ല.

_______________________________________________________
ഗോമാതാ സര്‍വ്വലോക ജനനി

ഗോമാതാവ്‌ സര്‍വ്വലോകജനനി മാത്രമല്ല വേദജനനിയുമാണ്‌. ഉപനിഷത്തിലും ശ്രുതികളിലും പുരാണങ്ങളും പശുവിന്റെ ഗുണഗണങ്ങളെ വളരെയധികം വര്‍ണിക്കുന്നുണ്ട്‌. നമ്മുടെ സംസ്കാരം മാതാവ്‌, ഗോമാതാ, ഭാരതമാതാ, ഗായത്രിമാതാ, ഗംഗാ മാതാ ഇവരെയെല്ലാം ഏറ്റവും ആദരണീയരായിരിക്കെ രുതി പൂജിച്ചിരുന്നു എന്നോര്‍ക്കണം.
ഗോമാതാവിനെക്കുറിച്ച്‌ സ്കന്ദപുരാണം അവന്തിഖണ്ഡത്തില്‍ ഇപ്രകാരം വര്‍ണിക്കുന്നു.

“ഗോവ പ്രദക്ഷിണീകാര്യ വന്ദനീയാ ഹി നിത്യശഃ
മംഗളായതനം ദിവ്യാഃ സൃഷ്ടാസ്ത്വേതാഃ സ്വയം ഭൂവാ
അപ്യാഗാരാണി വിപ്രാണാം ദേവതായ തനാനിച
യദ്ഗോമയേന ശുദ്ധ്യ്യന്തി കിംബ്രൂമോഹ്യധികം തതഃ
ഗോമൂത്രം ഗോമയം ക്ഷീരം ദധിസര്‍പ്പിസ്തഥൈവച
ഗവാം പഞ്ചപവിത്രാണി പുനന്തിസകലം ജഗത്‌
ഗാവോമേചാഗ്രതോ നിത്യം ഗാവഃ പൃഷ്ഠത ഏവച
ഗാവോ മേ ഹൃദയേചൈവ ഗവാംമദ്ധ്യേവസാമൃഹം”

സാരം : വന്ദനീയയായ ഗോമാതാവിനെ നിത്യവും പ്രദക്ഷിണം വയ്ക്കേണ്ടതാണ്‌. ദിവ്യമംഗള സ്വരൂപമായിട്ടാണ്‌ സൃഷ്ടികര്‍ത്താവ്‌ അവളെ ഭൂമിവില്‍ ആവിര്‍ഭവിപ്പിച്ചത്‌. ബ്രാഹ്മണഗൃഹങ്ങളും ക്ഷേത്രങ്ങളും പരിശുദ്ധമാക്കുന്നത്‌ പശുവിന്‌ ചാണകമെന്നതിനാല്‍ പശുവിനെക്കാള്‍ പവിത്രമായി വേറെന്താണുള്ളത്‌. ഗോമൂത്രം, ഗോമയം, ക്ഷീരം, തൈര്‌, നെയ്യ്‌ എന്നീ അഞ്ചുകാര്യങ്ങളാല്‍ സകല ജഗത്തും പവീത്രീകരിക്കപ്പെടുന്നു. മുന്‍പും പിന്‍പും ചുറ്റും ഉള്ള ഗോമാതാക്കളുടെ നടുവില്‍ വസിച്ചുകൊണ്ട്‌ ഞാന്‍ എന്റെ ഹൃദയത്തിലും അവിടുത്തെ പ്രതിഷ്ഠിച്ചോട്ടെ.

ഗോക്കളുടെ അധിഷ്ഠാതൃദേവതയും ആദ്യയും ഗോക്കളുടെ ജനനിയുമായ സുരഭിയുടെ ചരിത്രം ദേവീഭാഗവതത്തില്‍ കാണാം. വൃന്ദാവനത്തില്‍ കൗതുകപൂര്‍വം രാധാദേവിയോടും ഗോപാംഗനകളോടും കൂടി കേളികളില്‍ മുഴുകിയ സമയം രാധാനാഥന്‌ പാലുകുടിക്കാന്‍ ആഗ്രഹമുണ്ടായി. ഉടന്‍ തന്നെ ഭഗവാന്‍ സ്വം ഇടതുവശത്തുനിന്ന്‌ മനോരഥനെന്ന്‌ പേരുള്ള കിടാവോടുകൂടി സുരഭീദേവിയെ അനായാസം സൃഷ്ടിച്ചു. ജന്മമൃത്യുജരാദികളെ അകറ്റുന്ന അമൃതിനേക്കാള്‍ ഉത്കൃഷ്ടഗുണങ്ങളുള്ള അവളുടെ ക്ഷീരത്തെ ഭഗവാന്റെ ശ്രീദാമാവ്‌ എന്ന തോഴന്‍ കറന്നെടുത്ത്‌ ഭഗവാന്‌ നല്‍കി. ഭഗവാന്റെ കൈയില്‍ നിന്നും താഴെ വീണ പാല്‍ പാത്രത്തില്‍ നിന്നും ഒരു ക്ഷീരതടാകം തന്നെ ഉണ്ടായി. നൂറുയോജന നീളവും വീതിയുമുള്ള ആ ക്ഷീരസരസ്സില്‍ അവര്‍ ക്രീഡിച്ചു. ഈശ്വരേശ്ചയാ അത്‌ വിലപ്പെട്ട രത്നങ്ങള്‍ നിറഞ്ഞതായി. പെട്ടെന്ന്‌ ഗോപന്മാരുടെ എണ്ണത്തിനനുസരിച്ച്‌ ലക്ഷം കോടി കാമധേനുക്കള്‍ സുരഭീദേവിയുടെ രോമകൂപങ്ങളില്‍ നിന്നും ആവിര്‍ഭിച്ചു. ഗോക്കളുടെ ഉത്ഭവം അപ്രകാരമെന്ന്‌ പറയപ്പെടുന്നു. ഭഗവാന്‍ തന്നെ കാമധേനുവിനെ പൂജിച്ചു. ഓം സുരഭ്യൈ നമഃ എന്ന മൂലമന്ത്രത്താല്‍ പൂജിക്കുന്നവര്‍ക്ക്‌ സര്‍വകാമപ്രദമായി വര്‍ത്തിക്കപ്പെടുന്നു. വരാഹകല്‍പത്തില്‍ വിഷ്ണുമായയാല്‍ ക്ഷീരം മുഴുവന്‍ അപഹരിക്കപ്പെട്ടപ്പോള്‍ ബ്രഹ്മദേവന്റെ ആജ്ഞയാല്‍ ദേവേന്ദ്രന്‍ സുരഭിയെ സ്തുതിച്ചത്‌ ഇപ്രകാരമാണ്‌.

“നമോ ദേവ്യൈ മഹാദേവ്യൈ സുരഭ്യൈചനമോ നമഃ
ഗവാം ബീജ സ്വരൂപായൈ നമസ്തേ ജഗദംബികേ
നമോ രാധാപ്രിയായൈച പത്മാശായൈ നമോ നമഃ
നമഃ കൃഷ്ണപ്രിയായൈച ഗവാംമാത്രേ നമോ നമഃ
കല്‍പവൃക്ഷ സ്വരൂപായൈ സര്‍വ്വഷാംസതതംപരേ
ക്ഷീരദായൈ ധനാദായൈ ബുദ്ധിദായൈനമോനമഃ
യശോദായൈ കീര്‍ത്തിദായൈ ധര്‍മ്മദായൈ നമോനമഃ”

ഈ സ്തോത്രത്താല്‍ ആ ജഗജ്ജനനി സന്തുഷ്ടയും ദയാവതിയുമായി. ദേവേന്ദ്രന്റെ ദുഃഖമകറ്റിയ ഈ സ്തോത്ര ജപത്താല്‍ ഗോക്കള്‍, സമ്പത്ത്‌, കീര്‍ത്തി പുത്ര പൗത്രാദികള്‍ അവസാനം കൃഷ്ണലോക പ്രാപ്തി ഇവ അനുഭവവേദ്യമാകുമെന്ന്‌ ദേവീഭാഗവതത്തില്‍ വിസ്തരിച്ചരുളി ചെയ്യുന്നു..