20130820

നീതിമാന്‍ ആണോ രാമന്‍ ?

1.ബാലിയെ ശ്രീരാമന്‍ കാരണമൊന്നുമില്ലാതെ ഒളിയമ്പെയ്തുകൊന്നു.
2.സീതയെ കാട്ടില്‍ ഉപേക്ഷിച്ചു. 
3.ലക്ഷ്മണനെ വധശിക്ഷയ്ക്കു വിധിച്ചു. 
ഇവയെല്ലാം നീതിയ്ക്കുതകുന്ന വസ്തുക്കളാണോ? 


മര്യാദപുരുഷോത്തമനായ ശ്രീരാമന്‍
**************************************
മാനവരാശിക്കു മുഴുവന്‍ എല്ലാ സ്വഭാവങ്ങള്‍ക്കും, ആചാരമര്യാദകള്‍ക്കും മാതൃകയായിട്ടാണ് വാത്മീകിമഹര്‍ഷി ശ്രീരാമനെ നമുക്ക് പരിചയപ്പെടുത്തുന്നത്....
ക്ഷത്രിയന് അല്ലെങ്കില്‍ ഭരണാധിപതിക്ക് അയാളുടെ പ്രത്യേക ധര്‍മമുണ്ട്. ഒരു ഗൃഹസ്ഥന് അയാളുടെ സ്വന്തം ധര്‍മവുമുണ്ട്. ഇവ രണ്ടും ഗൃഹസ്ഥനായ ഭരണാധിപതിയ്ക്ക് ഉണ്ടാവണം. ക്ഷത്രിയന്റെ ധര്‍മം ദുഃഖം അനുഭവിക്കുന്നവരെ രക്ഷിക്കുക എന്നതാണ്. ഈ ധര്‍മാനുഷ്ഠാനത്തില്‍ വ്യക്തിബന്ധങ്ങള്‍ക്കോ മറ്റു താല്പര്യങ്ങള്‍ക്കോ സ്ഥാനമില്ല.....

ഇനി ശ്രീരാമനില്‍ ആരോപിതമായിരിക്കുന്ന തെറ്റുകളെ നമുക്കൊന്നു വിലയിരുത്താം..... 

1. ബാലിയെ ശ്രീരാമന്‍ ഒളിയമ്പെയ്തു കൊന്നത് ഉചിതമാണോ? 



സുഗ്രീവനെ ബാലി വീട്ടുതടങ്കലില്‍ വച്ചിരിക്കുകയാണ്. ഋഷ്യമൂകാചലത്തില്‍ നിന്നും സുഗ്രീവനു താഴെ ഇറങ്ങുവാന്‍ സാധ്യമല്ല. വാസ്തവത്തില്‍ അതിനുതക്കവണ്ണം സുഗ്രീവന്‍ തെറ്റു ചെയ്തിട്ടുമില്ല. ഒരു തെറ്റിദ്ധാരണയില്‍നിന്നുണ്ടായ വിരോധമാണ് ശത്രുതയ്ക്ക് ഹേതു. ഒരുപക്ഷേ, ദേഷ്യംകൊണ്ട് തല്ക്കാലം വിരോധം തോന്നിയെങ്കിലും ക്രമേണ സത്യാവസ്ഥമനസ്സിലാക്കി ബാലിക്ക് സുഗ്രീവന്റെ തെറ്റു പൊറുക്കാമായിരുന്നു. പക്ഷെ ബാലി അത്തരക്കാരനല്ല. അഹങ്കാരിയും വൈരാഗ്യബുദ്ധിയുമാണ്. അതിനാല്‍ ഇവരിലൊരാള്‍ക്ക് മാത്രമെ സ്വതന്ത്രമായി ജീവിച്ചിരിക്കുവാന്‍ സാധിക്കുകയുള്ളൂ. ഈ അവസരത്തില്‍ ശ്രീരാമന്‍ ആരുടെ പക്ഷമാണ് ചേരേണ്ടത്?

ബാലിയോട് സഖ്യം ചെയ്യുന്നതായിരുന്നു ശ്രീരാമന് നല്ലത്. പക്ഷെ, ശ്രീരാമന്‍ തന്റെ സ്വാര്‍ത്ഥമായ നന്മയെയല്ല മുന്‍നിര്‍ത്തിയത്. ആദര്‍ശത്തെയാണ്. സുഗ്രീവനാണ് ഇവിടെ ആര്‍ത്തന്‍. ദുഃഖം അനുഭവിക്കുന്നവന്‍. അതിനാല്‍ സുഗ്രീവനാണു സഹായത്തിനര്‍ഹതയുള്ളവന്‍. മാത്രമല്ല ബാലി ജീവിച്ചിരുന്നാല്‍ അയാള്‍ അക്രമസ്വഭാവമുള്ളവനാകകൊണ്ട് മേലിലും മറ്റുള്ളവര്‍ക്ക് അകാരണമായി ദുഃഖമുണ്ടാകുവാനിടയുണ്ട്. അതുകൊണ്ട് ധര്‍മമനുസരിച്ച് ശ്രീരാമന് സുഗ്രീവനെ സഹായിക്കുകയേ നിര്‍വാഹമുള്ളൂ. ബാലിയെ നേരിട്ടു കൊല്ലാന്‍ സാധ്യമല്ല. കാരണം ബാലിയുടെ വരബലം അതാണ്. അതിനാല്‍ ഒളിഞ്ഞുനിന്നു തന്നെ അതു ചെയ്യുകയേ നിവര്‍ത്തിയുള്ളൂ. ആധുനിക രാജനീതിയും ദുര്‍ബലരെ സഹായിക്കുക എന്ന ഈ ധര്‍മത്തെതന്നെയാണ് പിന്തുടരുന്നത് എന്ന് കാണാം. ദുര്‍ബലരെ അക്രമികളില്‍ നിന്നും രക്ഷിക്കുക എന്ന് എന്നത്തെയും രാജധര്‍മ്മമാണ്.

രാജധര്‍മ്മമനുസരിച്ച് രാജാവിന് സ്വന്തമായ ഒരു വ്യക്തിത്വമില്ല. രാജാവ് പ്രജകളുടെ പ്രതിനിധിയാണ്. 

ഒന്നുകൂടി വിശദമായി പറഞ്ഞാല്‍ ..................

ബാലി സത്യത്തിലും ധര്‍മത്തിലും വിശ്വസിക്കാത്ത രാജാവണ്. സുഗ്രീവന്‍ തന്നോട് അപരാധം ചെയേ്താ എന്ന് അദ്ദേഹം വിചാരണ ചെയ്തുനോക്കിയില്ല. പൊടുന്നനേ, പുറത്താക്കുകയാണുണ്ടായത്. അദ്ദേഹത്തിന്റെ പത്‌നിയെ കൂടെ വിട്ടുകൊടുത്തതുമില്ല. സുഗ്രീവപത്‌നിയായ രുമയെ ബാലി ഗ്രഹിച്ചു. ഇത് ആതതായിത്വമാണ്. ആതതായികളൊ വിചാരണ ചെയ്യാതെ, കണ്ടിടത്തുവെച്ചു വധിക്കാന്‍ രാമന് ദണ്ഡനാധികാരമുണ്ട്. രാമന്‍ ഏഷ്യയിലെ പല രാജ്യങ്ങളില്‍ നിന്നും കപ്പം വാങ്ങിക്കുന്ന അധീശരാജാവാണ്. സാമന്ത രാജാക്കന്മാരുടെ ധര്‍മലംഘനങ്ങളില്‍ രാമന് ഇടപെടാം. ആതതായികളുടെ ദുഷ്‌ക്കര്‍മങ്ങളില്‍ വിശേഷിച്ചും. രാമന്‍ അപ്പോഴും ചക്രവര്‍ത്തിതന്നെയാണ്. ഭരതന്‍ അദ്ദേഹത്തിന്റെ പ്രതിനിധി മാത്രം.
സഹോദരഭാര്യയെ മകളെപ്പോലെയും അമ്മയെപ്പോലെയും കരുതണം. ബാലി അങ്ങനെ കരുതിയില്ല. അതുകൊണ്ട് ബാലിയെ വധിച്ചു. വധം അതീവ ധാര്‍മികം. ഒളിച്ചുനിന്ന് കൊന്നതോ? ശത്രു അന്ത്യന്ത ബലവാന്‍. ഇന്ദ്രാദി ദേവന്മാരുടെയും ബ്രഹ്മാവിന്റെയും വരത്തിന്റെ ബലം. പിന്നെ കൈയിലൊരു രാസായുധവും; തന്റെ മുൻപിൽ വന്നു യുദ്ധം ചെയ്യുന്നവരുടെ പകുതി ശക്തി തനിക്ക് വന്നു ചേരുമെന്ന് വരം ലഭിച്ചവനാണ്. . തുല്യ യോദ്ധാക്കള്‍ പോരാടുക എന്നത് യുദ്ധ ധര്‍മം. ഒളിച്ചുനിന്ന് അമ്പെയ്തുകൊന്നു. രാമന് അതില്‍ ഒരു ആശങ്കയുമില്ലായിരുന്നു. ആശങ്ക നമുക്കാണ്. ചിന്തയില്‍ പക്ഷവാതം ബാധിച്ചവര്‍ക്ക്, സുഗ്രീവന്‍ സീതയെ അന്വേഷിച്ചു കണ്ടുപിടിച്ചു കൊടുക്കുമെന്ന് വിചാരിച്ചിട്ടല്ല ഈവധം. ഭഗവാന്‍ ശബരിയെ ചെന്നുകണ്ടത് അവര്‍ സീതയെ തേടിക്കൊടുക്കുമെന്ന് മോഹിച്ചിട്ടല്ലല്ലോ..... 

ബാലിയെ നിഗ്രഹിക്കേണ്ടി വന്നത് അവരുടെ കർമ്മഫലം കൊണ്ട് കൂടിയാണ്. ഭഗവാന്റെ വാക്കുകൾ കേട്ട ബാലിയുടെ താമസഭാവം അകന്നുവെന്നും ഭക്തിയോടെ നമസ്കരിച്ച് ക്ഷമ ചോദിച്ചതും ഭഗവാനെ സ്തുതിച്ചതും രാമായണത്തിൽ കാണാം. യോഗീന്ദ്രന്മാർക്കു പോലും ദർശനം ലഭിക്കുവാൻ എളുപ്പമല്ല എന്നിരിക്കെ, ഭഗവാനെ കണ്ടു കൊണ്ട്ഭഗവാന്റെ കൈകൾ കൊണ്ട്, ഭഗവാന്റെ നാമം അവസാന സമയത്ത് ജപിച്ചും കൊണ്ട്, ശരീരം വെടിയാൻ കഴിഞ്ഞ ബാലിക്ക് മോക്ഷമാണ് ലഭിച്ചത്.

ഇതിഹാസത്തിനു വിരുദ്ധമായി ചിന്തിക്കുകയെന്നത് അല്പപ്രാണികളുടെ സ്വഭാവമാണ്.....................
--------------------------------------------

2. സീതയെ കാട്ടില്‍ ഉപേക്ഷിച്ചു.



രാജധര്‍മ്മമനുസരിച്ച് രാജാവിന് സ്വന്തമായ ഒരു വ്യക്തിത്വമില്ല. രാജാവ് പ്രജകളുടെ പ്രതിനിധിയാണ്. രഘുവംശത്തെകുറിച്ച് കാളിദാസന്‍ പറഞ്ഞിരിക്കുന്നത്. നോക്കുക.

ത്യാഗായസംഭൃദാര്‍ത്ഥാനാം
സത്യായമിതഭാഷിണാം
യശസേവിജിഗീഷൂണാം
പ്രയായൈഗൃഹമേധിനാം

ശൈശവേഭ്യസ്തവിദ്യാനാം
യൗവനേ വിഷയൈഷിണാം
വാര്‍ദ്ധകേമുനിവൃത്തീനാം
യോഗേനാന്തേതനുംത്യജാം

അവരുടെ ജീവിതം മുഴുവനും ആദര്‍ശത്തിനു വേണ്ടി സമര്‍പ്പിക്കപ്പെട്ടതാണ്. സ്വാര്‍ത്ഥതയ്‌ക്കോ സ്വാര്‍ത്ഥപരമായ ഉദ്ദേശ്യങ്ങള്‍ക്കോ അവിടെ പ്രസക്തിയില്ല. അതിനാല്‍ പ്രജകളുടെ ഹിതവും വര്‍ത്തമാനകാലത്തിലെ ആചാരവുമനുസരിച്ചു മാത്രമേ നൃപന് രാജ്യം ഭരിക്കാന്‍ പാടുള്ളൂ. സീത കളങ്കരഹിതയാണെന്ന് ശ്രീരാമന് അറിയാമായിരുന്നു. എങ്കിലും ജനങ്ങള്‍ക്ക് സീതയില്‍ അവിശ്വാസമുണ്ടെന്ന് ചാരന്മാര്‍മുഖേന മനസ്സിലായപ്പോള്‍ സീതയെ തന്റെ രാജപത്‌നീസ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തേണ്ടതായിവന്നു. ജനാധിപത്യമര്യാദയില്‍ അതാവശ്യമാണ്. രഘുവംശത്തിലെ രാജാക്കന്മാര്‍ പരമ്പരാഗതമായി ജനഹിതമനുസരിച്ചുമാത്രം രാജ്യം ഭരിച്ചവരാണ്.
-----------------------------------------------------
3. സ്വന്തം അനുജന്‍ ലക്ഷ്മണനെ വധശിക്ഷയ്ക്കു വിധിച്ചു.



രാജാവിന്റെ ആജ്ഞ ലംഘിക്കുന്നവര്‍ക്ക് മരണശിക്ഷയാണ് ശ്രീരാമന്റെ ഭരണകൂടം നിശ്ചയിച്ചിരുന്നത്. ലക്ഷ്മണന് ശ്രീരാമന്റെ ആജ്ഞ ലംഘിക്കേണ്ടതായി വന്നു. അതിനാല്‍ ലക്ഷ്മണന്‍ ശിക്ഷാര്‍ഹനാണ്. തന്റെ അനുജന്‍ എന്ന നിലയ്ക്ക് സ്വന്തംവ്യക്തിസ്വാധീനമുപയോഗിച്ച് ശ്രീരാമന് ലക്ഷ്മണനെ വേണമെങ്കില്‍ ശിക്ഷയില്‍നിന്ന് ഒഴിവക്കാമായിരുന്നു. പക്ഷെ അത് അധര്‍മമാണ് നിയമത്തിന്റെ മുമ്പില്‍ വ്യക്തിബന്ധങ്ങള്‍ക്കു സ്ഥാനമില്ല. അതുകൊണ്ടാണ് ലക്ഷ്മണനെ വധശിക്ഷയ്ക്ക് വിധിച്ചത്. കാലദേശപരിച്ഛിന്നതയില്ലാതെ ഈ ധര്‍മ്മം അനശ്വരമായി വിളങ്ങുന്നു...............



ആശയം : സ്വാമി ജ്ഞാനനിഷ്ഠാനന്ദ സരസ്വതി , തുറവൂര്‍ വിശ്വംഭരന്‍ ,വനജ രവി.