20130819

ഉത്സവം വെറും ധൂര്‍ത്ത്‌ മാത്രമോ ?

മകരം തുടങ്ങി.. ഉത്സവകാലവും. ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന് തന്നെ വിളിക്കാവുന്ന, സാംസ്കാരിക കേരളം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിന്റെ മാത്രം പ്രത്യേകതയാണ് ഉത്സവങ്ങളും അതോടനുബന്ധിച്ചുള്ള ആഘോഷങ്ങളും. ആന എഴുന്നള്ളിപ്പും മേളവും അതോടു അനുബന്ധിച്ചുള്ള കലകളും എല്ലാം ആ ആഘോഷത്തില്‍ പ്രമുഖ പങ്കു വഹിക്കുന്നു. ഉത്സവകാലത്ത് കാറ്റിനൊപ്പം ദൂരെ നിന്ന് സഞ്ചരിച്ചെത്തുന്ന ചെണ്ടക്കോലിന്റെയും ആനചങ്ങലയുടെയും ശബ്ദം ഏതൊരു സാധാരണ മലയാളിയുടെയും ഹൃദയത്തെ തുടിപ്പിക്കുകയും ചെയ്യും. ലോകത്തിന്റെ ഏതു കോണിലായാലും ഉത്സവകാലത്ത് നാട്ടിലെത്തുവാന്‍ ആഗ്രഹിക്കാത്ത ഒരു മലയാളിയും ഉണ്ടാകില്ല മാത്രമല്ല ലോകത്തോട് തങ്ങളുടെ നാട്ടിലെ ഉത്സവാഘോഷങ്ങളെ കുറിച്ച് പറയാന്‍ മലയാളിക്ക് നൂറു നാവുമാണ്.

എന്താണ് ഉത്സവം? കന്യാകുമാരി മുതല്‍ കാസര്‍‍ഗോഡ്‌ വരെ നീണ്ടു കിടക്കുന്ന ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ ആയിരക്കണക്കിന് ചെറുതും വലുതുമായ ക്ഷേത്രങ്ങള്‍ ഉണ്ട്…. അതില്‍ അന്തിത്തിരി മാത്രം കത്തിക്കുന്ന കുടുംബ ക്ഷേത്രങ്ങള്‍ മുതല്‍ മഹാക്ഷേത്രങ്ങള്‍ വരെയുണ്ട്. ഈ ക്ഷേത്രങ്ങളില്‍‍ എല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍‍ മറ്റൊരു തരത്തില്‍ ഉത്സവങ്ങള്‍ ആഘോഷിക്കപ്പെടാറുണ്ട്. കാരണം, ഏതൊരു ക്ഷേത്രത്തിന്റെയും അവിഭാജ്യ ഘടകമാണ് ഉത്സവങ്ങള്‍. ക്ഷേത്രത്തിന്റെയും ക്ഷേത്രത്തോട് അനുബന്ധിച്ച് ജീവിക്കുന്ന ഭക്തരുടെയും ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെയും ഐശ്വര്യ വര്‍ദ്ധനവിന് കൂടിയാണ് ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ നടത്തപ്പെടുന്നതും. മറ്റുള്ള ദിവസങ്ങളെ അപേക്ഷിച്ച് ഉത്സവകാലത്ത് പല പ്രത്യേക ചടങ്ങുകളും ആഘോഷങ്ങളും ഉത്സവകാലത്ത് ഉണ്ടാകാറുണ്ട്. പ്രതിദിനമുള്ള പൂജകള്‍ എളിയ തരത്തില്‍ ഉള്ളതാണെങ്കിലും ആണ്ടു തോറുമുള്ള ഉത്സവങ്ങള് ക്ഷേത്രങ്ങള്‍ ഗംഭീരമായി ആഘോഷിക്കുന്നു. ഈ അവസരത്തില്‍ നാട്ടുകാരെല്ലാം യോജിച്ചു പ്രവര്‍ത്തിക്കും. ഭക്തന്മാര്‍ നേര്ന്നിട്ടുള്ള വഴിപാടുകളും ഉത്സവത്തിന് മാറ്റ് കൂട്ടും മാത്രമല്ല ഉത്സവകാലത്ത് പല വിധ വ്രതങ്ങളും വഴിപാടുകളും അനുഷ്ടിക്കും. അതെല്ലാം ആ ക്ഷേത്രവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ജനങ്ങളുടെ ആത്മാവിനെ സ്പര്‍ശിക്കുന്നവയാണ്. ഉത്സവകാലത്തു ജനങ്ങള്‍ പല വിധ വിനോദങ്ങളിലും ഏര്‍പ്പെടുന്നു. ഭഗവാനെ പ്രീതിപ്പെടുത്തുന്നതിനായി മാത്രം ചില കലകള്‍ അരങ്ങേറും, പുതിയവ കണ്ടെത്തും.. നിമിത്ത പൂജയെ അടിസ്ഥാനപ്പെടുത്തി ആണ് ഉത്സവങ്ങള്‍ നടത്തപ്പെടുക പത്തു മുതല്‍ പതിനഞ്ചു വരെ ദിവസം നീണ്ടും നില്‍ക്കുന്ന ഉത്സവങ്ങളും ഉണ്ട്. ചില ക്ഷേത്രങ്ങളില്‍ ഒന്നില്‍ കൂടുതല്‍ ഉത്സവങ്ങളും ഒരു വര്ഷം ഉണ്ടാകാറുണ്ട്.. (ഉദാഹരണത്തിന് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രം). ഉത്സവത്തിലെ മുഖ്യമായ ഒരംശം ദേവന്റെ വിഗ്രഹം എഴുന്നള്ളിച്ചു പ്രധാന സ്ഥലങ്ങളില്‍ കൂടി കൊണ്ട് പോകുക എന്നുള്ളതാണ്. രാവിലെയും വൈകിട്ടും ഇത് പതിവുണ്ട്. അതിന് പ്രത്യേകമായ ചില ആഡംബരങ്ങള്‍ ഉണ്ട്. വിശേഷപ്പെട്ട വസ്ത്രാഭാരണങ്ങള്‍ വേണം, സഞ്ചാര യോഗ്യമായി കരുതുന്ന ആന, കുതിര മുതലായ മൃഗാദികളെയും അണി യിച്ചൊരുക്കും. അങ്ങനെ ഭക്തന്റെ ശരീരത്തെയും മനസിനെയും ആത്മാവിനെയും ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദേശത്തെയും പവിത്രീകരിച്ചും ആഘോഷത്തില്‍ ആറാടിച്ചും ഓരോ ഉത്സവവും സമംഗളം പര്യവസാനിക്കുന്നു. വീണ്ടും അടുത്ത ഉത്സവത്തിനായി ദേശം കാത്തിരിക്കുകയും ചെയ്യുന്നു..

എന്നാല്‍ ഈയടുത്ത കാലത്തായി ഉത്സവത്തോടൊപ്പം മുടങ്ങാതെ പല വിധ ആരോപണങ്ങളും വരാറുണ്ട്. പലതും ബാലിശമായവ, ചിലത് കുറച്ചൊക്കെ ശരിയും. അതിലെ ചില ആരോപണങ്ങളെ ഒന്ന് പരിശോധിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശവും.


ആരോപണം 1: ഉത്സവങ്ങള്‍ക്ക് ആനയെ എന്തിനു എഴുന്നള്ളിക്കണം? കാട്ട് മൃഗമായ ആനയോട് ചെയ്യുന്ന ക്രൂരതയല്ലേ അത്?


അര്‍മേഭ്യോ ഹസ്തിപം ജവായാശ്വപം പുഷ്ട്യൈ ഗോപാലം…….. (യജുര്‍വേദം അദ്ധ്യായം 30, മന്ത്രം 11) നീണ്ട നടപ്പിനു വേണ്ടി ഒരു ആനപ്പാപ്പാനും വേഗത്തിനു വേണ്ടി ഒരു ആശ്വപനും പോഷണത്തിനായി ഒരു ഗോപാലനും …………..എന്ന് തുടങ്ങുന്ന മന്ത്രം ആണിത്. ഇതില്‍ നിന്ന് മനസിലാകുന്നത്, മനുഷ്യനും ആനയും തമ്മിലുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും വേദകാലത്ത്‌ മുതല്‍ വന്യമൃഗം ആയ ആനയെ മെരുക്കി മനുഷ്യന്‍ തന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നുമാണ്. മഹാഭാരത യുദ്ധത്തില്‍ പാണ്ഡവപക്ഷത്ത് ഏഴ്, കൌരവപക്ഷത്ത് പതിനൊന്ന് ഇങ്ങനെ ആകെ 18 അക്ഷൌഹിണിപ്പട പങ്കെടുത്തിരുന്നു എന്ന് പറയുന്നു. അതായത് മൊത്തം 393660 ആനകള്‍ (ഒരു അക്ഷൌഹിണിയില്‍ ഉള്ളത് 21870 ആനകള്‍) യുദ്ധത്തില്‍ പങ്കെടുത്തു. അവയെല്ലാംചത്തൊടുങ്ങുകയും ചെയ്തു. സഹസ്രാബ്ദങ്ങള്‍ക്കു ശേഷം നടന്ന ഘോറിയുമായുള്ള യുദ്ധത്തില്‍ പ്രിത്വിരാജ് ചൗഹാന്റെ സേനയില്‍ ഉണ്ടായിരുന്നത് മൂവായിരത്തോളം ആനകള്‍. അങ്ങനെ യുദ്ധത്തിനായി മാത്രം ആനകളെ ഉപയോഗിച്ചിരുന്ന ഒരു കാലവും ഭാരതത്തിനുണ്ടായിരുന്നു. ഭാരതത്തിലെ കേള്‍വികേട്ട പല മഹാക്ഷേത്രങ്ങളുടെയും നിര്മിതിക്കാവശ്യമായ ഭീമാകാരങ്ങളായ കല്ലുകള്‍ വലിച്ചു കൊണ്ട് പോകുന്നതിനു ഉപയോഗിച്ചിരുന്നതും ആനകളെ ആയിരുന്നു എന്ന് പറയപ്പെടുന്നു. കുറച്ചു കാലം മുമ്പ് വരെ, കേരളത്തിലെ കാടുകള്‍ വെട്ടിത്തെളിക്കുമ്പോള്‍ തടി വലിക്കാന്‍ ഉപയോഗിച്ചിരുന്നതും ആനകളെ തന്നെ. ഇപ്പോഴും കുറച്ചൊക്കെ അവയെ ഉപയോഗിക്കുന്നു.

പറഞ്ഞു വന്നത്, കാട്ടുവാസിയായ ആനയെ നാട്ടില്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല, മാത്രമല്ല, അതി ഭീകരമായി അതിനെ കൊണ്ട് പണിയെടുപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നല്ല സുഖമായി പട്ടയും തിന്നു താള മേളത്തിനൊപ്പിചു തലയാട്ടി നില്‍ക്കുന്ന ആനയെ നോക്കിയാണ് ആനയെ പീഡിപ്പിക്കുന്നു എന്ന് പറഞ്ഞു ആക്ഷേപിക്കുന്നത്. തീര്‍ച്ചയായും ചിരിക്കു വക നല്‍കുന്നു, ആ ആരോപണങ്ങള്‍. അതിനാല്‍ തന്നെ വന്യമ്രുഗമായ ആനയെ ദ്രോഹിക്കുന്നു എന്ന് പറയുന്നത് ചരിത്രത്തോട് ചെയ്യുന്ന നീതിയല്ല. ഇനി അധ്വാ ആന വന്യമൃഗം ആണെന്ന് വാശി പിടിക്കുമ്പോള്‍ മനുഷ്യന്‍ ഇന്ന് വളര്‍ത്തുന്ന ഏത് മൃഗമുണ്ട്, വന്യമൃഗം അല്ലാത്തതായി എന്ന് പറയേണ്ടി വരും, ആരോപണ കര്‍ത്താക്കള്‍.


ആരോപണം2) ഉത്സവത്തിന്റെ പേരില്‍ ആനയെ ദീര്‍ഘ നേരം നിര്‍ത്തുന്നു, ദീര്‍ഘ ദൂരം നടത്തുന്നു 


എന്റെ അറിവില്‍ ആനയുടെ പൊതു സ്വഭാവം തന്നെ നില്‍ക്കുക എന്നുള്ളതാണ്.കൂടുതല്‍ സമയവും നിന്ന് തന്നെയാണ് അതുറങ്ങുന്നതും. വളരെ കുറച്ചു സമയം മാത്രമേ അത് കിടക്കുന്നുമുള്ളൂ.. അങ്ങനെ നോക്കുമ്പോള്‍ ഈ ആക്ഷേപവും വെറും ബാലിശം. പിന്നെയുള്ളത് നടത്തുന്നു എന്നുള്ളതാണ്.. ഇവിടെ ആദ്യം കൊടുത്തിരുന്ന യജുര്‍വേദ മന്ത്രം “ദീര്‍ഘ ദൂരം നടക്കുന്നതിനായി ആനപ്പാപ്പനെയും” കൂട്ടണം എന്ന് പറയുന്നതില്‍ നിന്ന് മനസിലാകും, പണ്ടും ആനകള്‍ ദീര്‍ഘദൂരം നടന്നിരുന്നു അല്ലെങ്കില്‍ നടത്തിയിരുന്നു എന്നാണു.. അതായത് ആനയുടെ നടത്തം ഒരു പുതുമ അല്ലെന്നര്‍ത്ഥം .!!


ആരോപണം 3) ഉത്സവത്തിനായി പണം ധൂര്‍ത്തടിക്കുന്നു, ആ പണം ഉണ്ടെങ്കില്‍ എത്രയോ പാവങ്ങള്‍ക്ക് സഹായം നല്‍കാന്‍ സാധിക്കും.. 


ഉത്സവത്തിന് പണം ചിലവാകുന്നത് പല വിധത്തില്‍ ആണ്.. അതില്‍ ഒന്നാമത്തേത് ആനക്ക് കൊടുക്കുന്ന ഏക്കം തന്നെ. പിന്നെ, മേളം, അകമ്പടി കലാരൂപങ്ങള്‍ക്ക്‌, വിനോദാദി കലകള്‍ക്ക്, അതിനു ശേഷം കരിമരുന്നു പ്രയോഗങ്ങള്‍ക്കു കൊടുക്കുന്ന പണം എന്നിവയോക്കെയാണ് ഉത്സവത്തിനുള്ള ചിലവുകള്‍ ആയി വരുന്നത്. ധൂര്‍ത്തടിക്കുന്ന ചിലവുന്ടെങ്കില്‍ എത്രയോ പാവങ്ങള്‍ക്ക് സഹായം ചെയ്യാന്‍ സാധിക്കും എന്ന് പറയുന്നവര്‍ മനസിലാക്കേണ്ടത്, ഉത്സവത്തിന് ധൂര്‍ത്തടിക്കുന്നു എന്ന് പറയുന്ന പണം സത്യത്തില്‍ ആ സമൂഹത്തിലെ പാവങ്ങളിലേക്ക് തന്നെ എത്തി ചേരുന്നു എന്നുള്ളതാണ്. ഉദാഹരണത്തിന്, ഒരു ആന വരുമ്പോള്‍ ഒപ്പം വരുന്നത് 3 ആനക്കാര്‍ ആണ്. ആന ഉണ്ടെങ്കില്‍ മേളം തീര്‍ച്ചയായും വേണം. ഉത്സവത്തിലെ ഒരു മേളത്തിന് കുറഞ്ഞത്‌ 10 പേര്‍ മുതല്‍ 100 പേര്‍ വരെ ഉണ്ടാകും. തൃശൂര്‍ പൂരം പോലുള്ള മേളത്തിനാണെങ്കില്‍ അത് 200 കവിയും. ചില ക്ഷേത്രങ്ങളില്‍ ഓരോ ദേശത്തിന്റെയും വക ആയി ഓരോ ആന ഉണ്ടാകും. അതിനോടൊപ്പം കുറഞ്ഞത്‌ 10 പേര്‍ ഉള്ള മേളവും. അങ്ങനെ അനേകം ദേശങ്ങള്‍ ആനയെ എഴുന്നള്ളിച്ചു കൊണ്ട് വരും. അതോടൊപ്പം മേളവും. അതായത് കൂട്ടി എഴുന്നള്ളിക്കുമ്പോള്‍ 50 ആനകള്‍ ഒക്കെ ഉള്ള ഒരുത്സവത്തിന്റെ ഒപ്പം ഉണ്ടാകുന്നത് 50 സെറ്റ് മേളക്കാര്‍. അത് മൊത്തം കൂട്ടുമ്പോള്‍ കുറഞ്ഞത്‌ 500 മേളക്കാര്‍, ഒരുത്സവത്തിന് !!! ഇവരില്‍ ഭൂരിഭാഗവും മേള കാലത്ത് കിട്ടുന്ന പണം കൊണ്ട് മാത്രം ജീവിക്കുന്ന തനി പാവപ്പെട്ടവരാണ്.മേളത്തോടൊപ്പം തെയ്യം തിറ തുടങ്ങിയ കലകള്‍ അവതരിപ്പിക്കുന്നവര്‍, ശിങ്കാരി മേളക്കാര്‍, ഇപ്പോഴാണെങ്കില്‍ ദേവ നൃത്തം മുതലായ പുതു കലകള്‍ അവതരിപ്പിക്കുന്നവര്‍, ചില സ്ഥലങ്ങളില്‍ നൂറുകണക്കിന് പേര്‍ക്ക് ജിവിതം നല്‍കുന്ന ഫ്ലോട്ടുകള്‍, കലാപ്രകടങ്ങള്‍ എന്നിവയും ഉണ്ടാകും. ഇവരും പണക്കാര്‍ അല്ല, അര്‍ദ്ധപട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരും ആയ പാവങ്ങള്‍ തന്നെ. ഇതിനോടൊപ്പം തന്നെ കണക്കാക്കേണ്ടതാണ്, നല്ല കൊഴുപ്പുള്ള ഉത്സവത്തിന് അവിഭാജ്യഘടകമായ വഴിവാണിഭക്കാര്‍, മറ്റു കച്ചവടക്കാര്‍ മുതലായവര്‍. ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ ഇപ്പോഴൊന്നും തീരില്ല. അത് കൊണ്ട് കൂടുതല്‍ സാഹസത്തിനു മുതിരുന്നില്ല.

അത് കൊണ്ട് മുകളിലെ ആരോപണവും നില നില്‍ക്കത്തക്കതല്ല, മാത്രമല്ല, ഉത്സവത്തിന് ചിലവാക്കുന്ന പണം ഉത്സവത്തിന് ചിലവാക്കാതെ ഇത്രയും പേര്‍ക്ക് സഹായം ചെയ്യാന്‍ സാധിക്കുമെന്ന് സാമാന്യ യുക്തിയുള്ള ഒരാളും പറയില്ല..


ആരോപണം 4) കുറെ ആളുകളുടെ ധനവും സമയവും കളയാമെന്നല്ലാതെ ഉത്സവങ്ങള്‍ പ്രത്യേകിച്ച് ആനയെ എഴുന്നള്ളിച്ചു കൊണ്ടുള്ള ഉത്സവത്തിനെന്തു ഗുണം? 


ഉത്സവത്തിന്റെ ആധ്യാത്മിക ഗുണവും ഭൌതിക ഗുണവും മുകളില്‍ വിവരിച്ചു കഴിഞ്ഞു. ഇനി അതിന്റെ സാംസ്കാരിക ഗുണം എന്തൊക്കെയാണെന്ന് പരിശോധിക്കാം. കേരളത്തിലെ വാദ്യ കലകളുടെയും മറ്റിതര കലകളുടെയും വളര്‍ച്ചക്ക് ഉത്സവങ്ങള്‍ പ്രമുഖ പങ്കു വഹിക്കുന്നുണ്ട്. അതില്‍ ആനപ്പൂരത്തിനുള്ള പങ്കും അദ്വിതീയം. ഒരു പക്ഷെ വിവിധങ്ങളായ വാദ്യങ്ങളുടെയും അതിന്റെ വിവിധ തരത്തിലുള്ള പരീക്ഷണങ്ങളുടെയും പ്രചാരണത്തിന്റെയും, അതിലേക്കു കടന്നു വരുന്ന പുതു തലമുറകളുടെയും ഒരു കാരണം തന്നെ ഉത്സവത്തെ മുന്‍ നിര്‍ത്തിയാനെന്നു കാണാം. മാത്രമല്ല, ഉത്സവത്തിനായി കൊണ്ട് കാലാകാലങ്ങളായി പുതിയ തരം കലകളും വാദ്യങ്ങളും കണ്ടുപിടിക്കപ്പെടുന്നുണ്ട്. അവയെല്ലാം തന്നെ പൊതുജനങ്ങള്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നുമുണ്ട്. അതിന്റെ രണ്ടു ഉദാഹരണങ്ങള്‍ ആണ്, ശിങ്കാരി മേളവും, തെയ്യം തിറ എന്നിവയുടെ ആധുനിക രൂപമായി കാണുവാന്‍ സാധിക്കുന്ന ദേവനൃത്തവും. രണ്ടും വളരെയധികം ആരാധാകരെ ആകര്‍ഷിക്കുന്ന പുതു കലകളാണ്.

ഉത്സവങ്ങള്‍ക്ക് പോയിട്ടുള്ളവര്‍ക്കറിയാം, ആനയും, പഞ്ചവാദ്യവും, പാണ്ടിമേളവും, ശിങ്കാരി മേളവും, കാവടിയും, തെയ്യവും, തിറയും, ദേവനൃത്തവും, ആടിത്തിമര്‍ക്കുന്ന ജനതതിയും കരിമരുന്നു പ്രയോഗവും എല്ലാം ഒത്തു ചേര്‍ന്ന് ഉത്സവപ്പറമ്പില്‍ സൃഷ്ടിക്കുന്ന മായിക പ്രപഞ്ചം. അതിനു പകരം വക്കാന്‍, ഈ ഭൂലോകത്ത് തന്നെ വെറൊന്നുണ്ടാവില്ല. അതിനാല്‍ തന്നെ കേരളത്തെ സാംസ്കാരിക കേരളം ആക്കി നില നിര്‍ത്തുന്നതില്‍ ഉത്സവങ്ങള്‍ക്കുള്ള പങ്കു വിലമതിക്കാനാവാത്തതാണ്.. മാത്രമല്ല, ഉത്സവങ്ങള്‍ വിദേശികളുടെ സന്ദര്‍ശന കാലവുമാണ്. അത് മൂലം ലഭിക്കുന്ന വിദേശ നാണയത്തിന്റെ മൂല്യം അറിയണമെങ്കില്‍, കേരള സര്‍ക്കാരിന്റെ വിനോദ സഞ്ചാര വകുപ്പിനോട് തന്നെ ചോദിക്കണം. ഒപ്പം, വിദേശത്തു ഉത്സവങ്ങളെ പ്രമൊട്ട് ചെയ്യാന്‍ എത്ര പണം മുടക്കുന്നുന്ടെന്നും. സാംസ്കാരിക കേരളത്തിന്റെ ചിഹ്നങ്ങള്‍ കൂടിയാണ് ആനയും, ആനപ്പൂരങ്ങളും.അത് കൊണ്ടാണ്, വിദേശത്തു കേരള ടൂറിസം പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ എഴുന്നള്ളി നില്‍ക്കുന്ന ആനകളുടെ ചിത്രങ്ങള്‍ തന്നെ തിരഞ്ഞെടുത്തത്..

ആരോപണം 5) ആനപ്പൂരം നിര്‍ത്തലാക്കിയാല്‍ ഉത്സവം നടക്കില്ലേ? ഇത് പോലെ ആളുകളും വരില്ലേ? കലകളും പ്രചരിക്കില്ലേ? 

ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഇല്ല എന്ന് തന്നെയാണ് ഉത്തരം.. അതറിയണമെങ്കില്‍ ഉത്സവം ആഘോഷമായി നടത്താതെ, വെറും ചടങ്ങായി നടത്തുന്ന ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്ക് ഉണ്ടാകുന്ന ജനങ്ങളുടെ പങ്കാളിത്തം നോക്കിയാല്‍ മാത്രം മതി.

ആരോപണം 6) ആനപ്പൂരം ഒഴിവാക്കാന്‍ സാധിക്കില്ലെങ്കില്‍ പേരിന് ഒരാനയെ നിര്‍ത്തി ഉത്സവം നടത്തിയാല്‍ പോരെ?

 പോരാ, കാരണം, ഒരു ആനയെ നിര്‍ത്തുമ്പോള്‍ പേരിനു മാത്രമേ മേളവും ഉണ്ടാകൂ.. അങ്ങനെ വരുമ്പോള്‍ 50 പേര്‍ വേണ്ട മേളത്തിന് വെറും 5 പേര്‍ മാത്രമായി ചുരുങ്ങും. ബാക്കി 45 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഒന്നോ രണ്ടോ പേരുടെ തൊഴില്‍ നഷ്ടത്തിന് കാരണമാകുന്നു എന്നത് കൊണ്ട് മാത്രം, നാടിനെ നശിപ്പിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ പോലും നിലനിര്‍ത്തുന്ന നാട്ടില്‍ ആയിരക്കണക്കിന് ജനങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുന്നത് നീതീകരിക്കാന്‍ ആകുമോ?

എന്തായാലും ഈ വിഷയം ഇങ്ങനെ എഴുതി നിര്‍ത്താമെന്ന് തോന്നുന്നു.. ലോകത്തുള്ള ഓരോ നാടിനും ഓരോ സംസ്കാരവും ആഘോഷവും കലകളും ഉണ്ട്. അവയെല്ലാമാണ് ആ നാടിന്റെ സംസ്കാരത്തെ വേറിട്ട്‌ നിര്‍ത്തുന്നതും. കേരളത്തിന്റെ സംസ്കാരമാണ് ക്ഷേത്രവും, ഉത്സവവും അതിനോട് അനുബന്ധിച്ചുള്ള ആനയെഴുന്നള്ളതും, മേളവും എല്ലാം. ആ സംസ്കാരം കാരണമാണ് കേരളം വാദ്യങ്ങളുടെയും കലകളുടെയും സംഗീതത്തിന്റെയും ഒക്കെ നാടായി ലോകം മുഴുവന്‍ പേരെടുത്തു നില്‍ക്കുന്നതും..അങ്ങനെയുള്ള മഹത്തായ, പുരാതനമായ ആ സംസ്കാരത്തെ ആനയുടെ പേര് പറഞ്ഞു നിരോധിക്കണം എന്ന് ആവശ്യപ്പെടുന്നവര്‍, അവര്‍ ആവശ്യപ്പെടുന്നതിന്റെ വരും വരായ്കകളെ കുറിച്ച് ബോധവാന്മാരും ബോധാവതികളും ആകാതെയാണ് അങ്ങനെ ആവശ്യപ്പെടുന്നത്.. പാവം മൃഗങ്ങളെ തല്ലിക്കൊന്നും, തലയറുത്തും വെടി വച്ചും ഒക്കെ കൊന്നു, തിന്നു തീര്‍ക്കുന്നവര്‍ ആണ് ആനയുടെ പേരില്‍ നിരുപദ്രവമായ ആഘോഷത്തിനെതിരെ ഇങ്ങനെ ഹാലിളകുന്നത് എന്നുള്ളത് ഒരു വിരോധാഭാസം തന്നെയാണ്.

ഒരു കാലത്ത് ക്ഷേത്രങ്ങള്‍ സാംസ്‌കാരിക കേന്ദ്രങ്ങളും കലകളുടെ കാവല്ക്കാരുമായിരുന്നു. ഇന്നാ സ്ഥാനം ഉത്സവങ്ങള്‍ ഏറ്റെടുത്തു എന്ന് മനസിലാക്കി, ആ ഒരു കാഴ്ചപ്പാട് കൂടി മനസ്സില്‍ വച്ച് കൊണ്ട് ഓരോ ഉത്സവവും കാണുക. ലോകത്ത് മറ്റാര്‍ക്കുമില്ലാത്ത ആ ആത്മീയ സാംസ്‌കാരിക പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുക. അതില്‍ ക്ഷേത്രങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും ഉള്ള പങ്കിനെ പറ്റി നന്ദിയോടെ സ്മരിക്കുക. എല്ലാവര്ക്കും ഒരു നല്ല ഉത്സവകാലം ആശംസിക്കുന്നു.

കട്ടിലപൂവം വിനോദ്