20130816

ലോകാഃ സമസ്താഃ സുഖിനോ ഭവന്തു : ഇല്ലാത്ത മന്ത്രമാണോ ?
സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം 
ന്യായേന മാര്‍ഗ്ഗേണ മഹീം മഹീശാഃ 
ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം 
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു” 

അശാന്തി ഇഷ്ടപ്പെടുന്നത് കൊണ്ടോ അതോ സനാതനധര്‍മ വിരോധം കൊണ്ടോ എന്നറിയില്ല, ഈ മനോഹരമായ ശാന്തിമന്ത്രത്തെ തെറ്റായി വ്യാഖ്യാനിച്ചു പ്രചരിപ്പിക്കുന്നു ചില തല്പരകക്ഷികള്‍. അവര്‍ ഇങ്ങനെ വ്യാഖ്യാനിക്കുന്നു:

 “ന്യായമായ മാര്‍ഗത്തിലൂടെ രാജാവ് രാജ്യം ഭരിച്ചാല്‍ ജനങ്ങള്‍ക്ക്‌ സുഖമുണ്ടാകും. പശുക്കള്‍ക്കും ബ്രാഹ്മണര്‍ക്കും സുഖമുണ്ടായാല്‍ ലോകത്തിനു മുഴുവന്‍ സുഖമായിരിക്കും”. ഈ ശ്ലോകം ഉണ്ടാക്കിയിരിക്കുന്നത് ബ്രാഹ്മണരെ സുഖിപ്പിക്കുവാന്‍ വേണ്ടി ബ്രാഹ്മണര്‍ എഴുതി ചേര്‍ത്തതാണ്, അല്ലാതെ ലോകത്തിനു സുഖമുണ്ടാകാനുള്ള പ്രാര്‍ത്ഥന ഒന്നുമല്ല ഇത്. (മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആണെന്ന് തോന്നുന്നു ആദ്യമായി ഇങ്ങനെ ഉള്ള വ്യാഖ്യാനത്തോട് കൂടി ഉള്ള ലേഖനം വന്നത്. ) 

ഏതൊരു വ്യാഖ്യാനവും നീതിപൂര്‍വകമാണോ എന്ന് പരിശോധിക്കാന്‍ വലിയ പഠിപ്പോ അറിവോ ഒന്നും വേണ്ട, വീയെസ് പറഞ്ഞത് പോലെ അരിയാഹാരം കഴിച്ചാല്‍ മതി. ഇവിടെയും ഈ വ്യാഖ്യാനം ശരിയോ എന്നറിയാന്‍, ഈ വ്യാഖ്യാനം ഉണ്ടാക്കിയ ആളെ മനസിലാക്കിയാല്‍ മതി താനും. ഈ ശ്ലോകത്തിനു ഇങ്ങനെ ഒരു വ്യാഖ്യാനം ഉണ്ടാക്കിയത് ഭാരതീയ സംസ്കാരത്തെ കുറിച്ചോ ഹിന്ദു മതത്തെ കുറിച്ചോ ആക്ഷേപകരമാല്ലാത്ത ഒരു വാചകവും തന്റെ വായില്‍ നിന്ന് വീഴരുത് എന്ന് വാശിപിടിച്ചു നടക്കുന്ന ആളുമാണ്. അതില്‍ നിന്ന് തന്നെ ഊഹിക്കാം ഈ ശ്ലോകം വളചോടിച്ചതായിരിക്കുമെന്നു. അത് ഊഹം. ഇനി യാതാര്‍ത്ഥ്യം എന്തെന്ന് നോക്കാം.

 ഇവിടെ വിമര്‍ശന വിധേയമാകുന്നത് മൂന്നാമത്തെ വരിയില്‍ ഉള്ള ഗോക്കള്‍ക്കും ബ്രാഹ്മണര്‍ക്കും മംഗളം ഭവിക്കട്ടെ എന്നാ വരികള്‍ ആണ്. ഇതിനു മറുപടി കൊടുക്കുന്നതിനു മുന്നേ ചിലത് സൂചിപ്പിക്കേണ്ടി വരും.

ഏതൊന്നിന്റെയും വ്യാഖ്യാനം പൂര്‍ണമാകണമെങ്കില്‍ അതിനു ചില ലക്ഷണങ്ങള്‍ തികയണം.

പദച്ഛേദോ പദാര്‍ത്തോക്തി വിഗ്രഹോ വാക്യയോജനാ 
ആക്ഷേപസ്യ സമാധാനം വ്യാഖ്യാനം പഞ്ച ലക്ഷണം.

 ഓരോ പദത്തിന്റെയും അര്‍ഥം പറയുക, സമസ്ത പദങ്ങളെ വിഗ്രഹിക്കുക, വാക്യങ്ങളെ ശരിയായി യോജിപ്പിക്കുക, ആക്ഷേപങ്ങള്‍ക്ക് സമാധാനം പറയുക എന്നീ അഞ്ച് ലക്ഷണങ്ങളും ഒത്തു ചേര്‍ന്നാല്‍ മാത്രമേ ഒരു വ്യാഖ്യാനം പൂര്‍ണമാകൂ. 

ഇദ്ദേഹത്തിന്റെ വ്യാഖ്യാനത്തില്‍ ഈ അഞ്ചു ലക്ഷണങ്ങളും ഉണ്ടോ എന്നൊന്ന് നോക്കാം..

ഇതില്‍ ആദ്യം പറഞ്ഞ രണ്ടും “ഒരു വിധം” കുഴപ്പമില്ലാതെ എഴുതിയിട്ടുണ്ട്, അതായതു പദങ്ങളെ ചേദിച്ചു അര്‍ഥം പറഞ്ഞിട്ടുണ്ട്. എന്നാല്‍ മൂന്നാമത്തെ വ്യാഖ്യാന ലക്ഷനത്തിലെക്കെത്തുമ്പോള്‍ (വിഗ്രഹിക്കുക)എല്ലാം തകിടം മറിയുന്നു. ഇവിടെ വ്യാഖ്യാനം തനിക്കു ആവശ്യമുള്ളത് പോലെ ആക്കുന്നു ഇദ്ദേഹം. അതിനെ ഇങ്ങനെ ഉദാഹരിക്കാം. വിഗ്രഹം എന്നതിനെ കുറിച്ച് സൂചിപ്പിക്കുന്നത് സമസ്ത പദങ്ങളെയും വിഗ്രഹിച്ചു അര്‍ഥം ഗ്രഹിക്കുക എന്നുള്ളതാണ്. അങ്ങനെ ഒരു പദത്തെ ഗ്രഹിക്കുമ്പോള്‍ വിഗ്രഹിക്കുന്ന പദത്തിന്റെ സമസ്ത ലക്ഷണവും അര്‍ത്ഥവും പരിഗണിക്കണം. അങ്ങനെ ചെയ്യുമ്പോള്‍ ഇവിടെ പ്രസ്താവ്യമായ ഗോവ് എന്നാ ശബ്ദത്തിന് വരുന്ന സകല അര്‍ത്ഥങ്ങളും എടുത്തു വേണം പ്രയോഗിക്കാന്‍. എന്തൊക്കെ ആണ് ഗോവ് എന്നാ ശബ്ദത്തിന് അര്‍ഥം? 


ഇദ്ദേഹത്തെ പോലുള്ള കൂലി എഴുത്തുകാര്‍ക്ക് ഗോവ് എന്ന് പറഞ്ഞാല്‍ “കാളയുടെ ഭാര്യ” മാത്രമായിരിക്കാം. എന്നാല്‍ ഒരു സനാതന ധര്‍മ വിശ്വാസിക്ക് ഗോവ് എന്നാ ശബ്ദത്തിന് പശു; കാള; സ്വര്‍ഗം; ആകാശം; അമ്പ്; വാക്ക്; സരസ്വതി; അമ്മ; ഗായകന്‍; സൂര്യന്‍; ചന്ദ്രന്‍; നക്ഷത്രം; രശ്മി; കണ്ണ്; ജ്ഞാനേന്ദ്രിയം; ജലം; വജ്രം; ഭൂമി; ഒരു യാഗം; രോമം; ഇടിവാള്‍; രാശിചക്രത്തിലെ രണ്ടാം രാശി; ഒന്‍പത് എന്ന സങ്ഖ്യ; ദിക്ക്; വരുണന്‍റെ പുത്രന്മാരുടെ സേനാനായകന്‍ എന്നിങ്ങനെ അനേകം അര്‍ഥങ്ങള്‍ ഉണ്ട്.
അത് പോലെ തന്നെ ബ്രാഹ്മണന്‍ എന്നുള്ളതിനും അനേകം അര്‍ഥങ്ങള്‍ ഉണ്ട്. സനാതന ധര്‍മ പ്രകാരം പൂണൂല്‍ ഇട്ട ആളെ അല്ല ബ്രാഹ്മണന്‍ എന്ന് വിളിക്കുക. ബ്രാഹ്മണന്‍ എന്നുള്ളതിന് ബ്രഹ്മത്തെ അറിഞ്ഞവന്‍, പണ്ഡിതന്‍, ആചാര്യന്‍, ഗുരു എന്നിങ്ങനെ അറിവുമായി ബന്ധപ്പെട്ട അനേകം അര്‍ഥങ്ങള്‍ ഉണ്ട്. 

അങ്ങനെ ഈ രണ്ടു പദങ്ങളെയും വിഗ്രഹിച്ചു അര്‍ഥം മനസിലാക്കി വേണം വാക്യങ്ങളെ തമ്മില്‍ യോജിപ്പിക്കാന്‍ ഒരു വ്യാഖ്യാതാവ്. ഇങ്ങനെ യോജിപ്പിച്ച് കഴിഞ്ഞാലും ഒരു പക്ഷെ സ്വാഭാവികമായും, ഉണ്ടാകാവുന്ന വ്യാഖ്യാനവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളെ സമാധാനിപ്പിക്കുകയും വേണം. ഈ ശ്ലോകത്തിലെ ഗോവ് ശബ്ദത്തിനും ബ്രാഹ്മണ ശബ്ദത്തിനും വെറും പശുവും പൂണൂല്‍ ഇട്ട ബ്രാഹ്മണന്‍ എന്നും മാത്രം ആണ് അര്‍ത്ഥമെങ്കില്‍ നാല് വാക്യങ്ങളും തമ്മില്‍ പരസ്പര ബന്ധമില്ലാതെ ആകുകയും ചെയ്യും. അതെങ്ങനെ എന്നും നോക്കാം..

ഈ ശ്ലോകം നമുക്ക് നല്‍കുന്നത് ഒരു വിശാലമായ സന്ദേശമാണ്. അതായത് ഒന്നാമത്തെ വരിയില്‍ പറയുന്നു, പ്രജകള്‍ സുഖമായിരിക്കട്ടെ (പണ്ഡിത/പാമര/ഉന്നതര്‍/താഴ്ന്നവര്‍/സ്ത്രീ/പുരുഷന്‍ എന്നാ വ്യത്യാസം ഒന്നുമില്ലാതെ എല്ലാവരും സുഖമായിരിക്കാട്ടെ). ഇതൊരു ഇടുങ്ങിയ സന്ദേശം ആണെന്ന് ആരും പറയില്ല. ഇനി രണ്ടാമത്തേതില്‍ പറയുന്ന, ന്യായമായ മാര്‍ഗത്തില്‍ കൂടി രാജാകന്മാര്‍ ഭരിക്കട്ടെ. ഇതിലും വിശാലമായ സന്ദേശം ഇല്ലെന്നു ആരും പറയില്ല. നാലാമത്തെ വരിയില്‍ പറയുന്നു, ഈ ലോകത്തിലെ സമസ്തവും സുഖം ആയി ഇരിക്കട്ടെ (ഈ വാക്കില്‍ ശത്രുക്കള്‍ പോലും പറയില്ല ഇടുങ്ങിയ സന്ദേശം എന്ന്). അങ്ങനെ വരുമ്പോള്‍ എങ്ങനെ വരും മൂന്നാമത്തെ വരിയില്‍ മാത്രം ഇടുങ്ങിയ ഒരു ചിന്താഗതിയും സന്ദേശവും ? ഈ ശ്ലോകത്തെ തെറ്റായി വ്യഖ്യാനിക്കുന്നവരും പ്രച്ചരിപ്പിക്കുന്നവരും ഉത്തരം തരേണ്ടതാണ് ഈ ആക്ഷേപത്തിന്. എന്നാല്‍ വിശാലമായ ഒരര്‍ഥത്തില്‍ വിശാലമായ കാഴ്ചപ്പാടില്‍ എഴുതപ്പെട്ട ഈ ശ്ലോകത്തെ, മറ്റുള്ള നിക്ഷിപ്ത തല്പര്യമോന്നുമില്ലാതെ, അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തെ പഞ്ച ലക്ഷണവും തികഞ്ഞ വ്യാഖ്യാനം ഉപയോഗിച്ച് വ്യാഖ്യാനിച്ചാല്‍ ഇങ്ങനെ വരും അര്‍ഥം


“പ്രജകള്‍ക്കു സമാധാനമുണ്ടാകട്ടെ, രാജാക്കന്മാര്‍ ന്യായമായ മാര്‍ഗ്ഗത്തില്‍ കൂടി ഭൂമിയെ ഭരിക്കുമാറാകട്ടെ, എല്ലാ ജീവജാലങ്ങള്‍ക്കും ആചാര്യന്മാര്‍ക്കും അല്ലെങ്കില്‍ സത്യത്തിന്റെ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍ക്കും എന്നും സുഖമുണ്ടാകട്ടെ, അങ്ങനെ ലോകത്തിനു മുഴുവന്‍ സുഖം ലഭിക്കട്ടെ. 

ഇനി അടുത്ത വിമര്‍ശനം, ഈ ശ്ലോകം ഗ്രന്ഥങ്ങളില്‍ ഒന്നും ഇല്ല അത് കൊണ്ട് സ്വീകാര്യമല്ല എന്നാണു. ഒരു സനാതന ഹിന്ദുവും ഏതെങ്കിലും ഒരു ഗ്രന്ഥത്തില്‍ ഉണ്ടോ ഇല്ലയോ എന്ന് നോക്കിയല്ല ഇതൊരു നല്ല ആശയത്തെയും സ്വീകരിക്കുന്നതും സ്വീകരിചിട്ടുള്ളതും. പറയുന്നതില്‍ കാര്യമുണ്ടോ എന്ന് മാത്രമേ നോക്കാറുള്ളൂ, നല്ലതല്ലാത്തത്തിനെ എന്നും സനാതനധര്മം കാലാകാലങ്ങളില്‍ തള്ളിക്കളഞ്ഞിട്ടുമുണ്ട്. അതിനാല്‍ തന്നെ സാര്‍വ ദേശീയമായി നിലകൊള്ളേണ്ടുന്ന ഈ സന്ദേശത്തെ സനാതന ധര്‍മം രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു, സ്വീകരിക്കും. പിന്നെ ആവശ്യത്തിനും അനാവശ്യത്തിനും ബുദ്ധനെ കൂട്ടുപിടിക്കുന്ന കൂട്ടര്‍ക്ക് അറിയില്ല, ബുദ്ധതത്വം ആണ് ഈ ശ്ലോകത്തില്‍ നിറഞ്ഞു നിക്കുന്നത് എന്നതൊരു വിരോധാഭാസം.

 എത്ര വിശാലമായ ഒരു സങ്കല്പത്തെ ആണ്, ദുഷ്ചിന്തകര്‍ വികലമാക്കി പ്രചരിപ്പിക്കുന്നത് എന്ന് നോക്കുക. അത് കൊണ്ട് ഇവര്‍ എന്ത് വേണമെങ്കിലും പ്രച്ചരിപ്പിക്കട്ടെ, മനസിലാക്കട്ടെ, എന്നാല്‍ സനാതന ധര്‍മ വിശ്വാസികള്‍ കാര്യങ്ങള്‍ ശരിയായി മനസിലാക്കാന്‍ ശ്രമിക്കുക. വീയെസ് പറഞ്ഞത് പോലെ, ചോറുണ്ണുന്ന ബുദ്ധി സ്വല്പം ഉപയോഗിക്കുക. അല്ലാതെന്തു പറയാന്‍?

കട്ടിലപൂവം വിനോദ്
__________________________________________


ശാന്തി മന്ത്രം ഋഷി നല്‍കിയത് തന്നെയാണ്...ഇത് നാഥനില്ലാ മന്ത്രമല്ല....വായൂ പുരാണം സംക്ഷേപ സുന്ദര കാണ്ഡത്തില്‍ മുപ്പത്തേഴാം ശ്ലോകം നോക്കുക...ഫല ശ്രുതിയിലെ രണ്ടാം ശ്ലോകവും... ഹിന്ദുവിനെ സംബന്ധിച്ച് ഗുരു വാക്യമാണ് പ്രമാണം....ഏതെന്കിലും ഗുരു പറഞ്ഞ ശേഷമാണല്ലോ കാലങ്ങള്‍ക് ശേഷം എഴുതപ്പെടുന്നതും..അതിനാല്‍ തന്നെ ഗുരു വാക്യതിനാണ് പ്രമാണം...

സ്വസ്തി പ്രാര്‍ത്ഥന ഈ നാല് ശ്ലോകം മാത്രമല്ല..ചുരുങ്ങി നാല് ശ്ലോകമായതാണ്...പിന്നെ തല്ലുകൂടാനും ഈ നാല് വരി മാത്രമാണല്ലോ നല്ലത്..ഈ ശ്ലോകത്തെ ന്യയീകരിക്കുന്നവരും ഈ നാല് ശ്ലോകം മാത്രം എടുത്താണ് പയറ്റുകള്‍ നല്കുനത്, ബാക്കി കൂടി ഉണ്ടേല്‍ ആക്ഷേപത്തിന് വകുപ്പില്ല........

എനിക്ക് കിട്ടിയ ഉപടെശത്തിലെ സ്വസ്തി മന്ത്രം കൊടുക്കുന്നു...

സ്വസ്തി പ്രജാഭ്യ പരിപാലയന്താം 
ന്യായേന മാര്‍ഗ്ഗേണ മഹീം മഹീശാ : 
ഗോ ബ്രാഹ്മണേഭ്യ : ശുഭമസ്തു നിത്യം 
ലോകാ : സമസ്താ സുഖിനോ ഭവന്തു.

കാലേ വര്‍ഷതു പര്‍ജന്യ:
പ്രിഥ്വി സസ്സ്യ ശാലിനീ 
ദേശോയം ക്ഷോഭ രഹിതോ 
ബ്രാഹ്മണാ സന്തു നിര്‍ഭയാ:
അപുത്രാ : പുത്രീണ സന്തു 
പുത്രീണ: സന്തു പൌത്രിണ:
അധനാ: സധനാ: സന്തു 
ജീവന്തു ശരദ ശതം 
ഓം ശാന്തി ശാന്തി ശാന്തി....

ആദ്യത്തെ നാല് വരികളും അര്‍ത്ഥം മുകളില്‍ വ്യക്തമാക്കിയിട്ടുണ്ടല്ലോ...അതുകൊണ്ട് ബാക്കി മാത്രമേ പറയുന്നുള്ളൂ..

ഭൂമിയില്‍ പര്‍ജന്യന്‍ യഥാ സമയം വേണ്ട മഴ പെയ്യിക്കട്ടെ..അങ്ങിനെ ഭൂമി സസ്യങ്ങളാല്‍ സംപുഷ്ടമാകട്ടെ.ഈ ദേശം ക്ഷോഭരഹിതമായിത്തീരട്ടെ.ബ്രാഹ്മണര്‍,(ആചാര്യന്മാര്‍),) നിര്ഭായരായിതീരട്ടെ (ഇപ്പോള്‍ അറിവുള്ളവന്‍ പേടിച്ചു മിണ്ടാതെ ഇരിക്കുന്ന അവസ്ഥയാണ്‌ എന്നതോര്‍ക്കണം).അപുത്രര്‍(,(മക്കള്‍ ഇല്ലാത്തവര്‍),) പുത്രരോടും പൌത്രാദികളോടും (പേര കുട്ടികള്‍),) കൂടിയവരായി ഭവിക്കട്ടെ..നിര്‍ധനര്‍ സമ്പന്നന്മാരായി ഭവിക്കട്ടെ..എല്ലാവരും നൂറു വര്ഷം സുഖമായി ജീവിച്ചിരിക്കട്ടെ........

ഇതിലും മനോഹരമായ സങ്കല്‍പം ലോകത്തോട് നല്കാന്‍ കഴിയുമോ?


വിഷ്ണു നമ്പൂതിരി