20130815

അയോദ്ധ്യ

അയോദ്ധ്യ എക്കാലവും ഭഗവദ്ധാമമാണ്‌. മോക്ഷദായികളായ സപ്തപുരികളില്‍ ഒന്നാം സ്ഥാനം അയോദ്ധ്യയ്ക്കാണ്‌. അയോദ്ധ്യ എന്ന പദത്തിനര്‍ത്ഥം യുദ്ധം ചെയ്യാന്‍ കഴിയാത്തത്‌ എന്നാണ്‌. അതായത്‌ ഒരുത്തനാലും ഒരിക്കലും തോല്‍പിക്കപ്പെടാന്‍ കഴിയാത്തത്‌. അയോദ്ധ്യ എന്ന പേരുച്ചരിച്ചാല്‍ത്തന്നെ പാപം നശിക്കുന്നതാണ്‌. വേദങ്ങളില്‍പോലും ഈ ഭഗവദ്ധാമത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ട്‌.

"അഷ്ടചക്രാ നവദ്വാരാ ദേവാനാം പൂരയോദ്ധ്യാ" എട്ടു ചക്രങ്ങള്‍ ഒമ്പതു കവാടങ്ങള്‍ ഇവയുള്ള ദേവന്മാരുടെ പട്ടണമാണ്‌ അയോദ്ധ്യ. മനുഷ്യശരീരത്തിനും ഒമ്പതുദ്വാരാ (വാതിലുകള്‍) ങ്ങളുണ്ടല്ലോ. ഒമ്പതു വാതിലുകളുള്ള മനുഷ്യശരീരത്തിലെ ഹൃദയമാണ്‌ ഭഗവദ്ഗൃഹം. അതുപോലെ ബ്രഹ്മാണ്ഡത്തിന്റെ ഹൃദയമാണ്‌ അയോദ്ധ്യ. അങ്ങനെ സര്‍വ്വശ്രേഷ്ഠമായ ഭഗവദ്ധാമവുമാണ്‌.

സൂര്യവംശരാജാക്കന്മാരുടെ ആദ്യരാജധാനിയായ അയോദ്ധ്യ അശ്വമേധം, രാജസൂയം മുതലായ അനേകം ശ്രേഷ്ഠയജ്ഞങ്ങളുടെ ഭൂമികൂടിയാണ്‌. മര്യാദാപുരുഷോത്തമനായ ശ്രീരാമചന്ദ്രന്റെ ജന്മഭൂമിയും അയോദ്ധ്യതന്നെ. ഇങ്ങനെ എല്ലാംകൊണ്ടും അത്യന്തം പവിത്രമായ പുണ്യനഗരിയാണ്‌ അയോദ്ധ്യ.

ഉത്തര റെയില്‍വേയ്ക്ക്‌ അയോദ്ധ്യസ്റ്റേഷനുണ്ട്‌. ലഖ്നൗവില്‍ നിന്ന്‌ എണ്‍പത്തിനാല്‌ കിലോമീറ്റര്‍ അകലെയാണ്‌ ഇതിന്റെ ആസ്ഥാനം. ലഖ്നൗവില്‍ നിന്നും വാരാണസിയില്‍ നിന്നും നേരെ തീവണ്ടി മാര്‍ഗ്ഗം ഇവിടെ എത്താം. വാരാണസിയില്‍ നിന്നും നൂറ്റി എണ്‍പത്തൊമ്പതു കിലോമീറ്റര്‍ ദില്ലി ലൈനില്‍ പിന്നിട്ടാല്‍ അയോദ്ധ്യയിലെത്തും. വലിയ പട്ടണങ്ങളില്‍നിന്നെല്ലാം ഇവിടെയെത്താന്‍ നല്ല റോഡുകളുമുണ്ട്‌. സഞ്ചാരികള്‍ക്കു താമസത്തിനും വിശ്രമത്തിനും ധര്‍മ്മശാലകളും കുറെയൊക്കെ ഇവിടുണ്ട്‌.

സരയൂനദി ഇപ്പോള്‍ അല്‍പം അകലെ മാറിയാണ്‌ ഒഴുകുന്നത്‌. ഈ നദിയില്‍ അനേകം കടവുകളുണ്ട്‌. അതില്‍ പ്രധആന കടവാണ്‌ രാം കീ പൗഡി. ഇവിടെ കല്‍പടവുകള്‍ കെട്ടി വളരെ സൗകര്യപ്രദമായ രീതിയില്‍ സ്നാനത്തിനു തയ്യാര്‍ ചെയ്തിരിക്കുന്നു. അയോദ്ധ്യയില്‍ സുന്ദരങ്ങളായ അനേകം ക്ഷേത്രങ്ങളുണ്ട്‌. ഇപ്പോള്‍ കാണുന്ന അയോദ്ധ്യ വിക്രമാദിത്യ മഹാരാജാവ്‌ പുതുക്കിപ്പണിയിച്ചതാണ്‌. അദ്ദേഹത്തിന്റെ കാലത്തിനുമുമ്പ്‌ ഉള്ളതൊന്നും തന്നെ ഇന്നവിടെ കാണാനില്ല. അദ്ദേഹത്തിന്റെ കാലശേഷവും അയോദ്ധ്യയില്‍ അനേകം ആക്രമണങ്ങളുണ്ടായിട്ടുണ്ട്‌.

കനകഭവനം: ഇത്‌ അയോദ്ധ്യയിലെ വലുതും പ്രാധാന്യമേറിയതുമായ ക്ഷേത്രമാണ്‌. സീതാദേവിയുടെ പ്രത്യേകകൊട്ടാരമായിരുന്നു ഇതെന്നു പറയപ്പെടുന്നു.

ഹനുമാന്‍ഗഢ്‌: അറുപതു കല്‍പടികള്‍ക്കു മുകളില്‍ കോട്ടപോലുള്ള മതില്‍ക്കെട്ടിനുള്ളിലാണ്‌ ഈ ഹനുമത്ക്ഷേത്രം നില്‍ക്കുന്നത്‌. ഇതുകൂടാതെ ലക്ഷ്മണഘാട്ടില്‍ അഞ്ചടി ഉയരമുള്ള ലക്ഷ്മണവിഗ്രഹമുള്ള ക്ഷേത്രമുണ്ട്‌. സ്വര്‍ഗ്ഗദ്വാരം എന്ന ഘാട്ടില്‍ നാഗേശ്വരനാഥനെന്ന ശിവക്ഷേത്രം കാണാം. ഈ ക്ഷേത്രം ശ്രീരാമപുത്രനായ കുശന്‍ നിര്‍മ്മിച്ചതാണെന്നു കരുതുന്നു. അടുത്തുതന്നെ ശ്രീരാമക്ഷേത്രത്തില്‍ ഒരു കല്ലില്‍ ശ്രീരാമപഞ്ചായത്ത്‌ കൊത്തിവച്ചിരിക്കുന്നതു കാണാം. അഹല്യാഭായീഘാട്ടില്‍ ശ്രീരാമക്ഷേത്രമുണ്ട്‌.

ദര്‍ശനേശ്വരം: ഹനുമാന്‍ഗഢില്‍ നിന്നും അല്‍പം അകലെയായി ഉദ്യാനമദ്ധ്യത്തില്‍ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നു.

ജന്മസ്ഥാനം: ഈ സ്ഥലത്ത്‌ വിക്രമാദിത്യമഹാരാജാവു പണിയിച്ചിരുന്ന സുന്ദരമായ ക്ഷേത്രം ഇന്നു കാണാനില്ല. അതു തകര്‍ത്തു മുഗള്‍ ചക്രവര്‍ത്തിയും അനുയായികളും കൂടി പള്ളി പണിയിച്ചിരിക്കുന്നു. ഇപ്പോള്‍ ഈ കെട്ടിടത്തില്‍ വീണ്ടും ശ്രീരാമവിഗ്രഹം പ്രതിഷ്ഠിച്ച്‌ ആരാധനാദികള്‍ നടത്തിവരുന്നു. (ഇതിനു മുന്നിലാണ്‌ 1989 നവംബര്‍ ഒന്‍പതാംതീയതി വിശ്വഹിന്ദു പരിഷത്ത്‌ ശ്രീരാമക്ഷേത്രം പണിയിക്കാന്‍ ശിലാസ്ഥാപനം നടത്തിയിട്ടുള്ളത്‌) ഇതിനു സമീപത്തായി വേറെയും ചില ക്ഷേത്രങ്ങളുണ്ട്‌.

തുളസീചൗരാ: അയോദ്ധ്യ സ്റ്റേഷനു സമീപം ഒരു കുന്നിന്‍പുറത്ത്‌ ഈ ക്ഷേത്രം കാണാം. അയോദ്ധ്യയില്‍ വളരെയധികം ക്ഷേത്രങ്ങളും പുണ്യതീര്‍ത്ഥങ്ങളുമുണ്ട്‌.

നന്ദിഗ്രാമം: ഫൈസാബാദില്‍ നിന്നു പത്തുകിലോമീറ്ററും അയോദ്ധ്യയില്‍ നിന്നു പതിനേഴുകിലോമീറ്ററും അകലെയാണ്‌ നന്ദിഗ്രാമം. ശ്രീരാമചന്ദ്രന്റെ വനവാസക്കാലത്ത്‌ ഭരതന്‍ ഇവിടെ വന്നു താപസചര്യയനുഷ്ഠിച്ചു താമസിച്ചുവരുന്നു. ഇവിടെ ഭരതകുണ്ഡവും ഭരതക്ഷേത്രവുമുണ്ട്‌.