20130813

ഋഗ്വേദത്തിൽ മുഹമ്മദ് നബിയോ ?



ഹൈന്ദവ ഗ്രന്ഥങ്ങളിലെ ആശയം അപക്വമായും കൃത്രിമത്തിലൂടെ മാറ്റം വരുത്തിയും മാത്രമേ തങ്ങളുടെ മതത്തിന് പ്രചരണം സാധ്യമാവൂ എന്ന് തോന്നിക്കുന്ന രീതിയിലാണ് സെമിറ്റിക് മതപ്രബോധകരുടെ പ്രബോധന കോലാഹലം....
അതിന് ഉദാഹരണമാണ് ഹൈന്ദവ ഗ്രന്ഥങ്ങളിലെ അന്തിമാചാര്യന്‍ എന്ന സ്നേഹജാന്റെ പുസ്തകം. 
ഇതിലെ ഒന്നാം പാഠത്തിലെ ശീര്‍ഷകം സാമവേദത്തിലെ അഹമിധി എന്നാണ്. മന്ത്രം ഇതാണ്: 

"അഹമിധി പിതു: പരിമേധാ മൃതസ്യജഗ്രഹ, അഹം സൂര്യ ഇവാ ജനി
 (അഹമിധിന് പിതാവില്‍നിന്ന് വേദജ്ഞാനം ലഭിച്ചു)''(ഋഗ്വേദം 6:6:10). 

മുഹമ്മദ് നബിയെ ഈ മന്ത്രത്തില്‍ പ്രതിഷ്ഠിക്കാന്‍ മന്ത്രത്തിന്റെ ആദ്യ പദത്തില്‍തന്നെ ഇവര്‍ കൈവെച്ചിരിക്കുന്നു. "അഹമിദ്ധി'' എന്ന പദം അഹമിധിയാക്കി മാറ്റി ഈ പ്രബോധകന്‍. 
അഹം+ഇല്‍ ആണ് വ്യാകരണ നിയമപ്രകാരം 'അഹമിദ്ധി'യായത്. ഇതില്‍ എവിടെയും 'അഹമിധി' വരുന്നില്ല എന്നതാണ് സത്യം. വ്യാകരണവും സത്യവും ഉപേക്ഷിച്ചാലേ വേദങ്ങളില്‍ നബിക്ക് പ്രതിഷ്ഠയുണ്ടാവൂ. 
ഇനി ഈ പുസ്തകത്തിലെ നാലാമധ്യായത്തിലെ 6 മുതല്‍ 8 വരെയുള്ള ശ്ളോകം ആദ്യം പരിശോധിക്കാം. ഇതില്‍ ഭോജരാജാവ് മുഹമ്മദ് നബിയെ ശുശ്രൂഷ ചെയ്ത് ശരണമടഞ്ഞു എന്നാണ് പ്രബോധന വ്യാഖ്യാനം. ശ്ളോകം നോക്കാം. 
"നൃപാശ്ചേവ മഹാദേവ മരുസ്ഥല നിവാസിനം
ഗംഗാജലൈശ്ച സംസ്നാപ്യം പഞ്ച ഗവ്യ സമന്വിതൈഃ
ചന്ദനാദിഭിരഭ്യര്‍ ച്യതുഷ്ടു വമനസാഹരം
ഭോജരാജ ഉവാച-സമസ്തെ ഗിരിജാനാഥാ
മരുസ്ഥല നിവാസിനേ
ത്രിപുരാസുരനാശായബഹുമായാ പ്രവര്‍ത്തിനം
മ്ളേഛൈ ഗുപ്തായ ശുദ്ധായ സച്ചിദാനന്ദ രുചിണൈ
ത്വം മാംഹി കിങ്കരം വിദ്ധി ശരണാര്‍ഥം മുപാഗതം'' 

ഭോജരാജാവ് ഗംഗാജലം കൊണ്ടും പഞ്ചഗവ്യംകൊണ്ടും അദ്ദേഹത്തെ സ്നാനം ചെയ്യിച്ച് മരുഭൂനിവാസിയായ ആ മഹാ ദൈവദൂതന് നിഷ്കളങ്ക ഭക്തിയാകുന്ന പാരിതോഷികങ്ങള്‍ അടിയറ വെയ്ക്കുകയും ഏറ്റവും വലിയ ആദരവ് പ്രകടിപ്പിക്കുകയും ചെയ്ത് പറയും, "അല്ലയോ മനുഷ്യരാശിയുടെ അഭിമാനമേ, അറേബ്യ നിവാസി! അങ്ങയെ ഞാന്‍ വന്ദിക്കുന്നു. പിശാചിനെ നിഗ്രഹിക്കുവാനായി അങ്ങ് മഹത്തായ ഒരു ശക്തി തന്നെ സംഭരിച്ചിട്ടുണ്ട്. മ്ളേച്ഛന്‍മാരായ ശത്രുക്കളില്‍നിന്നെല്ലാം അങ്ങ് സുരക്ഷിതനായിരിക്കുന്നല്ലോ. അല്ലയോ സച്ചിദാനന്ദ സ്വരൂപമേ ഞാന്‍ അങ്ങയുടെ തൃപ്പാദങ്ങളില്‍ കിടക്കുന്ന ഒരുവനായി ഈയുള്ളവനെ സ്വീകരിച്ചാലും''

ശിവ ഭഗവാനെ മുഹമ്മദ് നബിയാക്കാന്‍ ഇതിന്റെ വ്യാഖ്യാനത്തില്‍ നടത്തിയ കൃത്രിമം എങ്ങനെയെന്ന് പരിശോധിച്ചാല്‍ തന്നെ ഈ പ്രബോധകരുടെ ശൈലി വ്യക്തമാവും. അതെല്ലാം പരിശോധിക്കാം. 

1. 'ആ മഹാ ദൈവദൂതന്'-മഹാ ദൈവദൂതന്‍ എന്ന ഒരു വാക്കേ ഈ ശ്ളോകത്തിലില്ല. 
2. 'വലിയ ആദരവ് പ്രകടിപ്പിക്കുകയും ചെയ്ത് പറയും' നോക്കണേ തട്ടിപ്പിന്റെ വിലാസം. 'ഭോജരാജ ഉവാച' എന്നാണ്. ശ്ളോകത്തില്‍ ഉവാച എന്നാല്‍ പറഞ്ഞു എന്നാണ്. ശ്ളോകം നബിക്കും സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് എഴുതപ്പെട്ടതാണ്. അതില്‍ 'പറഞ്ഞു' എന്ന ഭൂതകാല ക്രിയ പ്രയോഗിച്ചാല്‍ ശേഷം ജനിച്ച നബിയെ കൊള്ളിക്കാനാവില്ല. അതിനാല്‍ 'ഉവാച' (പറഞ്ഞു) എന്ന ഭൂതകാലക്രിയ വിവര്‍ത്തനത്തില്‍ 'പറയും' എന്ന ഭാവികാല ക്രിയാപദമാക്കി. പ്രബോധക കൌശലത്തിന് വേറെ ഉദാഹരണം വേണോ. പറയും എന്നാക്കിയാല്‍ അതില്‍ നബിയെയും ഉള്‍പ്പെടുത്താം. 'നബിയോട് പറയും' എന്നാക്കിയാല്‍ വൈരുധ്യമില്ല. 
3. പിശാചിനെ നിഗ്രഹിക്കുവാനായി അങ്ങ് ഒരു മഹത്തായ ഒരു ശക്തി തന്നെ സംഭരിച്ചിട്ടുണ്ട്-ശ്ളോകം 6 മുതല്‍ 8 വരെ പിശാച് എന്ന വാക്കുതന്നെയില്ല. 
4. മനുഷ്യരാശിയുടെ അഭിമാനമേ-ഇത് ശ്ളോകത്തിലില്ല കൂട്ടിച്ചേര്‍ത്തതാണ്. 
5. അറേബ്യാനിവാസി-ഇത് ശ്ളോകത്തിലില്ല
ഇനി ഈ ശ്ളോകത്തില്‍ ഉള്ളതും മറച്ചുവച്ചതുമായ വസ്തുത നോക്കാം. 
1. 'മഹാദേവ'-'മഹാദേവന്‍' എന്നത് 'പരമശിവനെ' സംബോധന ചെയ്യുന്ന ദിവ്യനാമമാണ്. 
2. ഗിരിജാനാഥാ-ഗിരിജാനാഥന്‍, 'ശിവനാണണ്. ഗിരിജ=ഗിരി+ജ, ഗിരി-പര്‍വതം, ജ=പുത്രി. ഗിരിജ=പര്‍വതപുത്രി=പാര്‍വതി. 
ഗിരിജാനാഥന്‍-പാര്‍വതീപതി. അത് മഹാദേവനാണെന്ന് സ്നേഹജാനും അറിയാത്തതല്ലല്ലോ.
3. മരുസ്ഥല നിവാസി-മരുസ്ഥലം=പര്‍വതപ്രദേശം (മരുഭൂമി എന്നും വിജനഭൂമി എന്നും അര്‍ഥമുണ്ട് എങ്കിലും മഹാദേവന്‍ കൈലാസപര്‍വത നിവാസിയായതിനാല്‍ ഭാരതത്തില്‍ മരുഭൂമിയുണ്ടെങ്കില്‍ തന്നേയും പര്‍വതമെന്ന അര്‍ഥമാണ് ഉദ്ദേശിച്ചിരിക്കുന്നത്. മരുസ്ഥലം എന്നതിന് ശ്മശാനം എന്നും അര്‍ഥമുണ്ട്. ശിവന്‍ ചുടല ഭസ്മധാരിയായതിനാല്‍ അതും യോജ്യമാണ്. എങ്കിലും പാര്‍വതീപത്നിയായി സംബോധന ചെയ്തതിനാല്‍ പര്‍വതവാസിതന്നെ.
4. ത്രിപുരാസുരനാശായ=ത്രിപുരാസുരന്‍മാരുടെ നാശ കര്‍ത്താവിനായിക്കൊണ്ട്. മഹാദേവനാണ് ത്രിപുരാസുരന്‍മാരെ ഹനിച്ചത്. അതിനാല്‍ മഹാദേവനെ ത്രിപുരാസുരനാശനന്‍ എന്നും ത്രിപുരാന്തകന്‍ എന്നും പറയും.
5. മ്ളേച്ഛൈഗുപ്തായ ശുദ്ധായ=മ്ളേച്ഛന്‍മാര്‍ക്ക്, അജ്ഞാനികള്‍ക്ക് അപ്രാപ്യനായ ശുദ്ധ സ്വരൂപന്‍ (മ്ളേച്ഛാചാര്യനായാണ് തുടക്കത്തില്‍ (ശ്ളോകം 5ല്‍) നബിയെ അവതരിപ്പിക്കുന്നത്-വിവര്‍ത്തകന്‍)(അപ്പോള്‍ ഈ ശ്ളോകം 'മുഹമ്മദീയര്‍ക്ക്' പ്രാപിക്കാനാവാത്ത ദേവനായാണ് ശിവനെ പറയുന്നത്.
ഹൈന്ദവ പുരാണങ്ങളെ സ്നേഹസംവാദത്തില്‍ മുമ്പ് പലപ്പോഴായി സ്നേഹജാന്‍, തമസ്കരിക്കാനായിട്ടാണെങ്കില്‍ പോലും, വിശകലനം ചെയ്തിട്ടുണ്ട്. 
അതായത് തന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള ഭവിഷ്യപുരാണത്തിലെ പ്രതിസര്‍ഗപര്‍വം മൂന്നാം ഖണ്ഡത്തിലെ അധ്യായം മൂന്നിലെ 5 മുതല്‍ 8 വരെയുള്ള ശ്ളോകം പരമശിവനെയാണെന്ന് വ്യക്തമായി മനസ്സിലാക്കിയിട്ടുതന്നെയാണ് യഥാര്‍ഥ വസ്തുതകള്‍ മറച്ചുവച്ച് ഏതോ ഗവേഷകരുടെ പേരില്‍ മുഹമ്മദ് നബിയെ പുരാണത്തിലും വേദത്തിലുമൊക്കെ പ്രതിഷ്ഠിക്കാന്‍ വേണ്ടി ഇങ്ങനെയൊരു ഗ്രന്ഥപ്രസാധനത്തിന് ഒരുങ്ങിയത്. 


പി.വി ശങ്കരനാരായണന്‍

No comments: